ഗ്രാന്റ് ഐ10ന് കരുത്തേകാന്‍ പുതിയ ഡീസല്‍ എന്‍ജിനുമായി ഹ്യുണ്ടായ്. നിലവിലെ 1.1ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിനു പകരമായിട്ടാണ് പുതിയ 1.2ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുന്നത്.
ഗ്രാന്റ് ഐ 10ന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗത്ത് കൊറിയന്‍ നിര്‍മാതാവായ ഹ്യുണ്ടായ്. ഗ്രാന്റ് ഐ 10ന്റെ പുതുക്കിയ പതിപ്പിനാണ് എന്‍ജിന്‍ കരുത്തുനല്‍കുന്നത്. നിലവില്‍ ഡീസല്‍, പെട്രോള്‍ വകഭേദങ്ങളിലാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
70ബിഎച്ച്പിയും 160എന്‍എം ടോര്‍ക്കും നല്‍കുന്ന 1.1ലിറ്റര്‍ സിആര്‍ഡിഐ ത്രീ സിലിണ്ടര്‍ ആണ് ഈ വാഹനത്തിലെ ഡീസല്‍ എന്‍ജിന്‍.
ഗ്രാന്റ് ഐ 10 മോഡലിന്റെ 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാകട്ടെ 81ബിഎച്ച്പിയും 114എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്
5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പെട്രോള്‍ എന്‍ജിനിലുള്ളത്. ഡീസല്‍ യൂണിറ്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നല്‍കിയിട്ടുണ്ട്.
പുതിയ 1.2ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ കരുത്തിലും ടോര്‍ക്കിലും വര്‍ധനവുണ്ടാകും.
വൃത്താകൃതിയിലുള്ള ഡിആര്‍എല്ലുകളാണ് പുത്തന്‍ മോഡലിന്റെ പ്രധാന ആകര്‍ഷണം. വിദേശ വിപണികളില്‍ എത്തിക്കുന്ന മോഡലിനായിരിക്കും ഈ സവിശേഷതയുണ്ടാവുക. എന്നാല്‍ ഇന്ത്യയിലവതരിപ്പിക്കുന്ന മോഡലില്‍ ഫോഗ് ലാമ്പോടുകൂടിയ ബാര്‍ ടൈപ്പ് ഡിആര്‍എല്‍ ആയിരിക്കുമുണ്ടാവുക.
ടോപ്പ് വേരിയന്റുകളില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നതായിരിക്കും എന്ന പ്രത്യേകതയുമുണ്ട് ഈ ഫേസ്‌ലിഫ്റ്റിന്.