ഹ്യുണ്ടായ് മോട്ടോർസ് അൽകാസർ എസ്‌യുവിയുടെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രസ്റ്റീജ് XE എന്ന പേരിലുള്ള ഈ വാഹനം അൽകാസറിന്റെ പുതിയ അടിസ്ഥാന വേരിയന്റാണ്. 15.89 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ച 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ അടിസ്ഥാന വേരിയന്‍റ് വാഗ്‍ദാനം ചെയ്യുന്നത്.
16.30 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിൽ ആണ് ഹ്യൂണ്ടായ് കഴിഞ്ഞ വർഷം ജൂണിൽ അൽകാസർ എസ്‌യുവി പുറത്തിറക്കിയിരുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ മാർക്കറ്റിലുള്ള അൽകാസർ എസ്‌യുവി ഇപ്പോൾ 20 വേരിയന്റുകളിൽ ലഭ്യമാണ്.
അൽകാസറിന്റെ പുതിയ വേരിയന്റിലെ പ്രധാന മാറ്റങ്ങൾ ഒരു ചെറിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ്, അത് 10.25 ഇഞ്ച് യൂണിറ്റിൽ നിന്ന് 8 ഇഞ്ച് യൂണിറ്റായി കുറച്ചിരിക്കുന്നു. ഓട്ടോ ഡിമ്മിംഗ് ഒആർവിഎമ്മുകൾ, ബർഗ്ലാർ അലാറം തുടങ്ങിയ ഫീച്ചറുകളും വേരിയന്റിന് ലഭിക്കുന്നില്ല.
രണ്ട് എഞ്ചിനുകൾ ഉള്ള വാഹനത്തിന് പരമാവധി 157 bhp യും 191 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ ഇതിൽ ഉൾപ്പെടുന്നു. 113 bhp കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും അൽകാസറിൽ ലഭ്യമാണ്. ആറ് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിനുകൾ ജോടി ആക്കിയിരിക്കുന്നു.
ഹ്യുണ്ടായ് അൽകാസർ എസ്‌യുവിക്ക് ഇന്ത്യയിൽ കിയ കാരൻസ് , ടാറ്റ സഫാരി , എംജി ഹെക്ടർ പ്ലസ് എന്നിവയാണ് എതിരാളികൾ.