ഹ്യുണ്ടായ്‌യുടെ പുതിയ ഗ്രാന്‍ഡ് ഐ- 10ന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. കാറിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ചിത്രങ്ങളാണ് ഹ്യുണ്ടായ് പുറത്തുവിട്ടത്. 11,000 രൂപയ്ക്ക് പുതിയ വാഹനം വെബ് സൈറ്റിലൂടെയോ ഡീസല്‍ഷിപ്പ് വഴിയോ ബുക്ക് ചെയ്യാം. ഈ മാസം 20 ന് വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
‘ദ അത്‌ലറ്റിക്ക് മിലേനിയല്‍’ എന്ന ടാഗ് ലൈനോടെ പുറത്തിറക്കുന്ന വാഹനത്തിന് സ്‌റ്റൈലന്‍ ലുക്കാണ് നല്‍കിയിരിക്കുന്നത്. ഹെക്‌സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകല്‍പ്പനയിലെ പുതുമകളുമായാണ് പുതിയ ഗ്രാന്‍ഡ് ഐ10 എത്തുക.
ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടുമുണ്ട പുത്തന്‍ ഗ്രാന്‍ഡ് ഐ10ല്‍. ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച് സ്‌ക്രീന്‍ സിസ്റ്റമാണ്. ഹ്യുണ്ടായ്‌യുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.
എന്‍ജിന്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിച്ചു മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്കുയര്‍ത്തിയാവും ഹ്യുണ്ടായ് പുതിയ ഗ്രാന്‍ഡ് ഐ- 10ല്‍ ഘടിപ്പിക്കുക. 1.2 ലീറ്റര്‍, യു ടു ഡീസല്‍ എന്‍ജിന്റെ ബി എസ് ആറ് പതിപ്പോടെയും കാര്‍ ലഭ്യമാവും എന്നു തന്നെയാണ് പ്രതീക്ഷ.