ഹ്യുണ്ടായി സ്പോർട്ടിയർ i20 N ലൈൻ പതിപ്പിന്റെ ടീസർ പുറത്തിറങ്ങി . അടുത്ത വർഷം ആദ്യ പകുതിയിൽ തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലായിരിക്കും വാഹനം വിൽപ്പനയ്ക്ക് എത്തുക. കൊറിയൻ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ മോഡലായ i20 ഹാച്ച്ബാക്കിന്റെ സ്പോർട്ടയർ N വേരിയന്റിനെ ആഗോള വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
i20 N ലൈൻ പതിപ്പിന്റെ പുതിയ ടീസർ ചിത്രങ്ങൾ കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഹ്യുണ്ടായി കാറുകളുടെ നിലവിലെ അതേ ഡിസൈൻ സമീപനമാണ് പുതിയ സ്പോർട്ടിയർ വേരിയന്റും പിന്തുടരുന്നത്. 18 ഇഞ്ച് ആങ്കുലർ അലോയ് വീലുകളുമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. വിശാലവും വലുതുമായ എയർ ഡാമുകൾ വാഹനത്തിന് ലഭിക്കുന്നു. ചുവന്ന സൈഡ് സ്‌കിർട്ടുകളും മേൽക്കൂരയിലെ സംയോജിത സ്‌പോയ്‌ലറും വലിയ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഹ്യുണ്ടായി i20 N ലൈനിനെ ആകർഷകമാക്കുന്നു.
സ്കിർട്ടുകൾ, വിംഗ് മിററുകൾ, പില്ലറുകൾ, മേൽക്കൂര എന്നിവ ഫാന്റം ബ്ലാക്ക് കളറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യാബിനകത്തെ ഒരു പ്രധാന നവീകരണം ബോഡി ഹഗ്‌ഡ് ചെയ്യുന്ന സീറ്റുകളായിരിക്കാം. 1.6 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് i20 N പതിപ്പിന് കരുത്ത് പകരുന്നത്. 6.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ മോഡലിന് കഴിയും.
ഉയർന്ന വേഗത 230 കിലോമീറ്റർ വേഗതയായി പരിമിതപ്പെടുത്തിയിരിക്കുന്നു. 320 mm ഫ്രണ്ട് ഡിസ്ക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഹ്യുണ്ടായി i20 N അടുത്ത വർഷം ആദ്യ പകുതിയോടെ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.