ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി N-ലൈന്‍ ശ്രേണിയിലെ പെര്‍ഫോമന്‍സ് കാറുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബറിലാണ് ഹ്യുണ്ടായി i20 N ലൈനിന്റെ വില പ്രഖ്യാപിച്ച് വില്‍പ്പന ആരംഭിക്കുന്നത്. ഇപ്പോള്‍ i20 N ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് കമ്പനി ബുക്കിംഗ് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എന്‍ ലൈന്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക. നിലവില്‍ യൂറോപ്പ്, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ബ്രാന്‍ഡ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. i20 N ലൈന്‍ ആണ് N-ലൈന്‍ ശ്രേണിയില്‍ ഇന്ത്യയില്‍ ആദ്യം എത്തുക.
സ്‌പോര്‍ട്‌സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കമ്പനിയുടെ ജര്‍മനിയിലെ നര്‍ബര്‍റിങ്ങിലെ യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിനോടും നാംയാങ് ആര്‍ ആന്‍ഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈന്‍ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലേക്ക് ഹ്യുണ്ടായി കാറുകള്‍ തയ്യാറാക്കുന്ന വിഭാഗവുമായി ചേര്‍ന്നാണ് N-ലൈന്‍ ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.
ഹ്യുണ്ടായി i20 N ലൈനിന് ഒരു സ്‌പോര്‍ട്ടിയര്‍ ഡ്യുവല്‍-ടോണ്‍ ബമ്പറാണ് മുന്‍ കാഴ്ച്ചയില്‍ ആകര്‍ഷണം. ഏറ്റവും താഴ്ഭാഗത്ത് ചുവപ്പ് നിറത്തിന്റെ ബീഡിങ് നല്‍കി സ്പോര്‍ട്ടി ലുക്ക് കൂട്ടിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഘടകങ്ങളും N Line ലോഗോയും ഉള്‍കൊള്ളുന്ന കാസ്‌കേഡിങ് ഗ്രില്ലും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളില്‍ ആകര്‍ഷണം.
അവയ്ക്ക് പുറകിലായി ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിന്റെ ബീഡിങ്ങുള്ള കറുപ്പ് സൈഡ് സ്‌കര്‍ട്ടും വശങ്ങളുടെ സ്പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. പുറകില്‍ ഡിഫ്യൂസറും ഇരട്ട-എക്സ്ഹോസ്റ്റ് പൈപ്പുകളുമുള്ള സ്പോര്‍ട്ടിയര്‍ ബമ്പര്‍, ടെയില്‍ ഗേറ്റ് സ്പോയിലര്‍, രണ്ട് ടെയില്‍-ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ഡാര്‍ക്ക് ക്രോം ഗാര്‍ണിഷ് എന്നിവയാണ് ശ്രദ്ധേയമായ ഡിസൈന്‍ ഘടകങ്ങള്‍.
തണ്ടര്‍ ബ്ലൂ എന്ന എക്സ്‌ക്ളൂസീവ് നിറത്തോടൊപ്പം ഫിയറി റെഡ്, ടൈറ്റന്‍ ഗ്രേ, പോളാര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഹ്യുണ്ടേയ് i20 N ലൈന്‍ വാങ്ങാം. ഫാന്റം ബ്ലാക്ക് റൂഫുള്ള തണ്ടര്‍ ബ്ലൂ, ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ഹ്യുണ്ടേയ് i20 N ലൈന്‍ വാങ്ങാം. ഏകദേശം 12 ലക്ഷത്തിനടുത്ത് i20 N ലൈന്‍ പതിപ്പിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.