കൊറിയയില്‍ രണ്ട് പുതിയ ഇന്ധന സെല്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ ഹ്യുണ്ടായി മോബിസ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപസ്ഥാപനം ഹ്യുണ്ടായ് മോബിസ് കൊറിയയില്‍ രണ്ട് പുതിയ ഇന്ധന സെല്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു. ഇഞ്ചിയോണിലെ ചിയോങ്‌ന ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്റ്റാക്കുകള്‍ നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റിന് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയതായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് പ്ലാന്റുകളിലായി മൊത്തം 1.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായ് മൊബിസ് പ്രഖ്യാപിച്ചു. പുതിയ പ്ലാന്റുകള്‍ 2023 ന്റെ രണ്ടാം പകുതിയില്‍ വന്‍തോതില്‍ ഉത്പാദനം ആരംഭിക്കും. പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുമ്പോള്‍ സൗകര്യങ്ങള്‍ ഓരോ വര്‍ഷവും 100,000 ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന സെല്‍ ഉല്‍പാദന ശേഷിയുള്ള ഹ്യുണ്ടായ് മോബിസ് പുതിയ ഉല്‍പാദന സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഹൈഡ്രജന്‍ ഇന്ധനത്തിനായുള്ള ആഗോള മത്സരത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഹ്യുണ്ടായ് മൊബിസ് മൊത്തം മൂന്ന് ഫ്യുവല്‍ സെല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ആഗോള ഇന്ധന സെല്‍ വ്യവസായത്തില്‍ വിപണിയിലെ മുന്‍നിര മത്സരശേഷി ഉറപ്പാക്കാന്‍ തങ്ങള്‍ ഈ വലിയ തോതിലുള്ള നിക്ഷേപം നടത്താന്‍ തീരുമാനിച്ചെന്നാണ് കമ്പനി പറയുന്നത്. ഹൈഡ്രജന്‍ വ്യവസായത്തിന്റെ വികസനത്തിനും ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതിനുമായി തങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിക്ഷേപിക്കുകയും ഗവേഷണ വികസന ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും എന്നും കമ്പനി വ്യക്തമാക്കുന്നു.

Top