ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന്റെ പുതിയ വൈദ്യുത കാര്‍ 2023ല്‍ നിരത്തിലെത്തും

ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പി(എച്ച് എം ജി)ന്റെ പുതിയ വൈദ്യുത കാര്‍ 2023ല്‍ നിരത്തിലെത്തും എന്ന് റിപ്പോര്‍ട്ട്. നഗരയാത്രകള്‍ക്കായി ഉപയോഗിക്കാവുന്ന, ബാറ്ററിയില്‍ ഓടുന്ന കാറാണ് ഹ്യുണ്ടേയിയുടെ പദ്ധതിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരങ്ങളിലെ റോഡുകള്‍ ലക്ഷ്യമിട്ട് എത്തുന്നതിനാല്‍ ഈ കാറിന്റെ നീളം 3.50 മീറ്ററിനും 3.70 മീറ്ററിനും ഇടയിലാവുമെന്നാണു റിപ്പോര്‍ട്ടുകള്‍. കാറിലെ വൈദ്യുത പവര്‍ട്രെയ്ന്‍ പരമാവധി 135 കിലോവാട്ട് അവര്‍(അഥവാ 181 ബി എച്ച് പി) കരുത്താണു സൃഷ്ടിക്കുക. വാഹനത്തിലെ മൊഡ്യുലര്‍ ഇന്‍വെര്‍ട്ടര്‍ മോട്ടോറിന്റെ കരുത്ത് 100 ബി എച്ച് പി നിലവാരത്തില്‍ നിലനിര്‍ത്തുമെന്നതിനാല്‍ പെട്രോള്‍ എന്‍ജിനുള്ള ‘ഐ ടെന്നി’നോടു കിട പിടിക്കുന്ന പ്രകടനമാവും ഈ ഇലക്ട്രിക്ക് കാര്‍ കാഴ്ചവയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ഓടെ ആഗോളതലത്തില്‍ ആകെ 44 ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുമെന്ന് ഈ വര്‍ഷം ആദ്യം ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സോളിലെ കമ്പനി ആസ്ഥാനത്ത് നടന്ന പുതുവത്സര ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ (ഇവിസി) യൂസുന്‍ ചുങായിരുന്നു കമ്പനിയുടെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഹ്യുണ്ടായി മോട്ടോര്‍ കമ്പനി, കിയ മോട്ടോഴ്‌സ്, ജെനസിസ് മോട്ടോര്‍ എന്നീ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ്.

44 ഇലക്ട്രിക് വാഹന മോഡലുകളില്‍ 11 എണ്ണം പൂര്‍ണ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആഗോളതലത്തില്‍ 24 ഇലക്ട്രിക് വാഹന മോഡലുകളാണ് ഹ്യുണ്ടായുടെ പക്കലുള്ളത്. 2025 ഓടെ ഈ എണ്ണം ഇരട്ടിയോളമെത്തിക്കുകയാണ് ലക്ഷ്യം.

Top