ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) തങ്ങളുടെ ഹാച്ച്ബാക്ക് മോഡലായ ഇയോണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു. ക്ലച്ച് കേബിളിനും ബാറ്ററി കേബിളിനുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് 7,567 കാറുകള്‍ തിരിച്ച് വിളിക്കുന്നത്. 2015 ജനുവരിയില്‍ നിര്‍മ്മിച്ച കാറുകളിലാണ് പ്രശ്‌നം കണ്ടെത്തിയത്. ഇതിനായി പ്രത്യേക ക്യാംപെയ്ന്‍ തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.
കാറുകള്‍ അംഗീകൃത വിതരണക്കാരുടെ അടുത്തേക്ക് എത്തിക്കാനാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കിയ നിര്‍ദ്ദേശം. ഉല്‍പ്പന്നങ്ങളുടെ നിലവാരം. ഉറപ്പുവരുത്തുന്നത് ഉത്തരവാദിത്തമുള്ള വാഹന നിര്‍മ്മാതാവ് എന്ന നിലയില്‍ കമ്പനി തുടരുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം കമ്പനി ഉറപ്പു വരുത്തുമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ 2014ല്‍ ഹ്യൂണ്ടായ് തങ്ങളുടെ എസ്‌യുവിയായ സാന്റാ ഫെയുടെ 2,437 യൂണിറ്റുകള്‍ തിരിച്ച് വിളിച്ചിരുന്നു. സ്റ്റോപ്പ് ലാംപ് സ്വിച്ച് മാറ്റി നല്‍കാനായിരുന്നുവിത്.