ഇന്ത്യയിലെകാര് നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായി പുതിയ സര്‍പ്രൈസുമായി എത്തുന്നു. AH2 എന്ന കോഡ് നാമത്തിലാണ് മോഡല്‍ എത്തുന്നത്. പുതിയ ചെറുകാറിനൊപ്പം ഹ്യുണ്ടായി സാന്‍ട്രോയുടെ തിരിച്ചുവരവിനും വിപണി സാക്ഷിയാകുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിപാവലിക്ക് മുന്‍പെ പുതുതലമുറ സാന്‍ട്രോ ഇന്ത്യയിലെത്തും.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സാന്‍ട്രോയെ ഹ്യുണ്ടായി പരീക്ഷിക്കുന്നുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ ചെറുകാറും പുതുതലമുറ സാന്‍ട്രോയും ഹ്യുണ്ടായി നിരയില്‍ എത്തുമെന്നാണ് വിവരം. ഇന്ത്യയില്‍ വരുന്ന മൂന്ന് വര്‍ഷക്കാലയളവില്‍ 6,300 കോടി രൂപ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായിയുടെ പദ്ധതി.
ഇന്ത്യയില്‍ നിന്നും പുതിയ മോഡലുകളുടെയും എഞ്ചിനുകളുടെയും വികസനവും ഉത്പാദനവുമാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമ്പത് പുതിയ കാറുകളെ അണിനിരത്താനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി. ഇതില്‍ പുതുതലമുറ സാന്‍ട്രോയാണ് വിപണിയില്‍ ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സാന്‍ട്രോയ്ക്ക് പുറമെ മറ്റൊരു ഇലക്ട്രിക് കാറും ഹ്യുണ്ടായി നിരയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. കോന ഇവി, അയോണിക്ക് ഇവി മോഡലുകളില്‍ ഒന്നാകും ഇന്ത്യയിലെത്തുക.