ഹ്യുണ്ടായി വെന്യുവിന്റെ ബുക്കിംഗുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. 2019 മെയ് രണ്ടാം തീയതി മുതലായിരിക്കും എസ്യുവിയുടെ ബുക്കിംഗുകള്‍ കമ്പനി ഔദ്യോഗികമായി ആരംഭിക്കുകയെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചില ഡീലര്‍മാര്‍ 50,000 രൂപയ്ക്ക് എസ്യുവിയുടെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിനോട് ചേര്‍ന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എസ്യുവിയ്ക്ക് ഗൗരവകരമായ ഭാവം പകരും. രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പിലും ഒരു ഡീസല്‍ എഞ്ചിന്‍ പതിപ്പിലുമായിരിക്കും വെന്യു എത്തുക. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വൈദ്യുത സണ്‍റൂഫ്, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിംഗ്, പുതിയ ബ്ലൂ ലിങ്ക് കണക്ടിവിറ്റി ഫംഗ്ഷന്‍ എന്നിവയായിരിക്കും വെന്യൂവിലെ പ്രധാന ഫീച്ചറുകള്‍.
i20 എലൈറ്റില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തുമായിരിക്കും സൃഷ്ടിക്കുക. മറുഭാഗത്ത് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 90 bhp കരുത്തായിരിക്കും. 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍മാനുവല്‍ ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായിരിക്കും ഉണ്ടാവുക.