പുതിയ കോമ്പാക്ട് എസ്യുവിയായ വെന്യുവിനെ അടുത്ത മാസം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലിറക്കും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു ബുക്കിങ് തുടങ്ങും. മെയ് 21 -ന് വെന്യുവുമായി വിപണിയില്‍ അവതരിക്കാനാണ് കമ്പനിയുടെ തീരുമാനം.
രാജ്യത്ത് ഇതാദ്യമായാണ് ചെറു എസ്യുവിയുമായി ഹ്യുണ്ടായി എത്തുന്നത്. പ്രതിമാസം പതിനായിരം വെന്യു യൂണിറ്റുകള്‍ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഹ്യുണ്ടായിയുടെ ആഗോള എസ്യുവിയാണ് വെന്യുവെങ്കിലും ഇന്ത്യന്‍ വിപണി മുന്‍നിര്‍ത്തിയാണ് മോഡല്‍ പുറത്തിറങ്ങുന്നത്.
വൈദ്യുത സണ്‍റൂഫ്, ആറു എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിങ്ങനെയാണ് പ്രധാന സവിശേഷതകള്‍.
മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ വെന്യുവില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം എലൈറ്റ് i20 ഹാച്ച്ബാക്കില്‍ നിന്നും കമ്പനി കടമെടുത്തതാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ പുതിയ ഹ്യുണ്ടായി എസ്യുവിയില്‍ തുടിക്കും. 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സാധ്യമാണ്.
112 bhp കരുത്തും 172 Nm torque ഉം 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ സമന്വയിക്കും. 89 bhp കുരത്തും 220 Nm torque -മാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് കുറിക്കാനാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ഒരുങ്ങുകയുള്ളൂ. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് പ്രവര്‍ത്തിക്കും. ആറു സ്പീഡാണ് ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്സ്.