Hyundai Verna 2017 to be launched next year with Mild Hybrid engine in India

രാജ്യത്തെ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമെന്നോണം പുതിയ ഹൈബ്രിഡ് സാങ്കേതികത ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോഡലുകളുമായി രംഗത്തെത്തുകയാണ് കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്.

പുറത്തിറക്കാനൊരുങ്ങുന്ന പുത്തന്‍ തലമുറ വെര്‍ണയിലാണ് പുതിയ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികത അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെയായിരിക്കും വിപണിയിലെത്തുക.

ഇതിനകം തന്നെ മുഖ്യ എതിരാളിയായ സിയാസ് സെഡാനെ സ്മാര്‍ട് ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്തി മാരുതി അവതരിപ്പിച്ചിട്ടുണ്ട്.

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ വെര്‍ണ ഈ സെഗ്മെന്റില്‍ തന്നെ മികച്ച ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്‌.

കൂടാതെ റീജെനറേറ്റീവ് ബ്രേക്കിംഗ് ടെക്‌നോളജിയും പുതിയ വെര്‍ണയില്‍ അവതരിപ്പിക്കുന്നതായിരിക്കും.

ബ്രേക്ക് ചെയ്യുന്നതുമൂലമുണ്ടാകുന്ന ഊര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി ബാറ്ററിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന സാങ്കേതികതയാണിത്.
ബ്രേക്കിംഗ് മൂലമുണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററുമായിട്ടായിരിക്കും ബാറ്ററിയെ ബന്ധിപ്പിക്കുക.

ഈ സംവിധാനം ഡ്രൈവിംഗ് വേളയില്‍ എന്‍ജിനിലുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുകയും എന്‍ജിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം മികച്ച മൈലേജും വാഗ്ദാനം ചെയ്യും.

സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് സിസ്റ്റം, ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ മോട്ടര്‍, ബ്രേക്ക് എനര്‍ജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നിവയാണ് ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ അടങ്ങിയിരിക്കുക.

ഭാരത് VI എമിഷന്‍ ചട്ടവട്ടങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹൈബ്രിഡിലേക്ക് നീങ്ങാനുള്ള പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുള്ള മാരുതി സിയാസില്‍ നിന്നും കടുത്ത മത്സരങ്ങള്‍ നേരിടേണ്ടിവന്നതും ഈ മാറ്റത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്.

പുതിയ ഹൈബ്രിഡ് സിസ്റ്റം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുത്തന്‍ തലമുറ വെര്‍ണ വളരെ ആകര്‍ഷകമായ വിലയിലായിരിക്കും വിപണിയിലെത്തുക എന്ന അറിയിപ്പാണ് കമ്പനി ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.

Top