ഹ്യുണ്ടായുടെ എസ്യുവി ക്രേറ്റ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

ഹ്യുണ്ടായുടെ എസ്യുവി ക്രേറ്റ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു. പുതിയ ക്രേറ്റയുടെ ബുക്കിങ് ഹ്യുണ്ടായ്‌ മാര്‍ച്ച് 2 മുതലാണ് സ്വീകരിച്ചു തുടങ്ങിയത്. മാര്‍ച്ച് 17 ന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നല്‍കി ഹ്യുണ്ടായ് ഡീലര്‍ഷിപ് വഴിയും ഓണ്‍ലൈനായും ബുക്ക് ചെയ്യാം.

പെട്രോള്‍, ഡീസല്‍ മോഡലുകളിലായി 5 പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. വോയിസ് എനേബിള്‍ഡ് സ്മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാംപ്, അഡ്വാന്‍സിഡ് ബ്ലൂ ലിങ്ക്, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക്, എട്ടു സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്രൈവ്ട്രാക്ഷന്‍ മോഡുകള്‍, എയര്‍പ്യൂരിഫയര്‍, 2 സ്റ്റെപ്പ് റിയര്‍ സീറ്റ് റിക്ലൈനിങ്, പാഡില്‍ ഷിഫ്റ്റ്, റിമോര്‍ട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട് തുടങ്ങി നിരവധി സൗകര്യങ്ങളുമായിട്ടാണ് പുതിയ ക്രേറ്റ എത്തുന്നത്.

മനോഹരമായ ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ക്രേറ്റയുടെ ഭംഗി കൂട്ടുന്നു. പുതിയ വാഹനങ്ങളില്‍ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകളാണ് ക്രേറ്റയിലും. എല്‍ഇഡി, ഡിആര്‍എല്‍ ഉള്‍പ്പെടുന്ന മുകള്‍ ഭാഗവും എല്‍ഇഡി സ്ട്രിപ്പ് അടങ്ങിയ താഴെയുള്ള ചെറിയ ഭാഗവും. ഇതിനൊപ്പം പുതിയ തരത്തിലുള്ള ഫോഗ് ലാംപുകളും സ്‌കഫ് പ്ലേറ്റും കൂടിയാകുമ്പോള്‍ മുന്‍വശം സ്‌റ്റൈലിഷാകും.

സില്‍വര്‍ കൂടിയ കളര്‍ ടോണും, വീല്‍ ആര്‍ച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. പഴയ ക്രേറ്റയെക്കാള്‍ വലുപ്പത്തിലും മുന്നിലാണ് പുതിയ മോഡല്‍. വലിപ്പം കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിങ് പുതിയ ഡാഷ്‌ബോര്‍ഡ്, മീറ്റര്‍ കണ്‍സോള്‍, സീറ്റുകള്‍ തുടങ്ങി നിരവധി മാറ്റങ്ങളുണ്ട് ഇന്റീരിയറില്‍.

115 പിഎസ് കരുത്തും 14.7 കെജിഎം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍, ഐവിറ്റി ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭ്യമാണ്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ കരുത്ത് 115 പിഎസും ടോര്‍ക്ക് 25.5 എന്‍എമ്മുമാണ്. ആറു സ്പീഡ് ഓട്ടമാറ്റിക്ക്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളില്‍ ഡീസല്‍ എന്‍ജിന്‍ ലഭിക്കും. ഇവകൂടാതെ 140 പിഎസ് കരുത്തുള്ള 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മോഡലുമുണ്ട്. 7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ മോഡലിന്.

Top