Hyundai’s Genesis Brand Plans Luxury Electric Car

ആഡംബര ബ്രാന്‍ഡായ ജെനെസിസില്‍ ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളും അവതരിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ കമ്പനി ഒരുങ്ങുന്നു.

പുതിയ പ്രീമിയം ബ്രാന്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആഡംബര വൈദ്യുത വാഹനങ്ങളെയും കമ്പനി ജെനെസിസിന്റെ ഭാഗമാക്കുന്നതെന്നു ഹ്യുണ്ടേയ് സീനിയര്‍ വൈസ് പ്രസിഡന്റ് മാന്‍ഫ്രെഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു.

ഭാവിയില്‍ ജെനെസിസ് ശ്രേണിയില്‍ ബദല്‍ ഇന്ധന വാഹനങ്ങളും പുറത്തിറങ്ങുമെന്നു ഫിറ്റ്‌സ്‌ജെറാള്‍ഡ് വെളിപ്പെടുത്തി. സ്വാഭാവികമായും ഇതില്‍ വൈദ്യുത വാഹനങ്ങളും ഉള്‍പ്പെടുമെന്നും ബുസാന്‍ ഓട്ടോ ഷോയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ജെനെസിസില്‍ നിന്നുള്ള ബാറ്ററിയില്‍ ഓടുന്ന ആദ്യ ആഡംബര കാര്‍ എപ്പോള്‍ നിരത്തിലെന്നും മറ്റും വ്യക്തമാക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല

പൂര്‍ണമായും ബാറ്ററിയില്‍ ഓടുന്ന കാറുകളാവും വാഹന വ്യവസായത്തിന്റെ ഭാവിയെന്നും ലംബോര്‍ഗ്‌നി ഡയറക്ടര്‍ സ്ഥാനത്തു നിന്നു ജെനെസിസിന്റെ തന്ത്രങ്ങള്‍ മെനയാനായി ഹ്യുണ്ടേയിലേക്ക ചേക്കേറിയ ഫിറ്റ്‌സ്‌ജെറാള്‍ഡ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നവംബറിലാണ് ആഡംബര കാറുകള്‍ക്കായി ജെനെസിസിനെ സ്വതന്ത്ര ബ്രാന്‍ഡായി ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. അതിനിടെ ജെനെസിസ് ശ്രേണിയിലെ വലിയ സെഡാനായ ‘ജി 80’ ഡീസല്‍ എന്‍ജിനോടെ അടുത്ത വര്‍ഷം വില്‍പ്പനയ്‌ക്കെത്തുമെന്നു ഹ്യുണ്ടേയ് വെളിപ്പെടുത്തി.

ബുസാന്‍ ഓട്ടോ ഷോയില്‍ പെട്രോള്‍ എന്‍ജിനുള്ള ‘ജി 80’ ആണു കമ്പനി അനാവരണം ചെയ്തത്. ‘ജി 90’ കാറിനു ശേഷം ജെനെസിസില്‍ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ‘ജി 80’; പുതിയ കാര്‍ അടുത്ത മാസത്തോടെ ദക്ഷിണ കൊറിയയില്‍ വില്‍പ്പനയ്‌ക്കെത്തും.

Top