ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി

സ്‌യുവി മോഡലായ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് പുതിയ E വേരിയന്റിലും ലഭ്യമാകും. പുതിയ ഡിസൈൻ ഭാഷ്യവും കൂടുതൽ പ്രീമിയം ഉപകരണ ലിസ്റ്റുമായി എത്തിയ ഇന്റീരിയറുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവിയിലേക്ക് ക്രെറ്റയെ എത്തിച്ചത്.

ഹ്യുണ്ടായി ഇന്ത്യ പെട്രോൾ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചതോടെ എസ്‌യുവിയുടെ പ്രാരംഭ വില കുറയുന്നു. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ 2020 ഹ്യുണ്ടായി ക്രെറ്റ മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. നിലവിൽ എസ്‌യുവികളുടെ എല്ലാ വേരിയന്റുകൾക്കും ഏകദേശം 12,000 രൂപയോളമാണ് ഹ്യുണ്ടായി വർധിപ്പിച്ചിരിക്കുന്നത്.

Top