യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും അവർക്ക് മാത്രമാണ് നൽകുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ തൊഴിൽ സമരം, സ്വർണക്കടത്ത് എന്നിവയും രാഹുൽ ഗാന്ധി വിമർശിച്ചു.
“ഞാൻ ബിജെപിക്കെതിരാണ്. എന്നാൽ ഓരോ നിമിഷവും ബിജെപി എന്നെ ആക്രമിക്കുകയാണ്. എനിക്ക് മനസിലാക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെയുള്ള, മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുള്ള കേസ് ഇഴഞ്ഞു നീങ്ങുന്നു. എന്തുകൊണ്ടാണ് സിബിഐ, ഇ.ഡി എന്നിവർ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. കാരണം ബിജെപിക്കെതിരെ സംസാരിച്ചാൽ ബിജെപി നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും.ഇടതുപക്ഷ സർക്കാർ പറഞ്ഞു കേരളത്തെ മികച്ചതാക്കുമെന്ന്. ചോദ്യം ഇതാണ്- ആർക്ക് വേണ്ടിയാണ് മികച്ചതാക്കുന്നത് ? കേരളത്തിലെ ജനങ്ങൾക്കോ അതോ ഇടത് പക്ഷ സംഘടനയ്ക്ക് വേണ്ടിയോ ? “രാഹുൽ വിശദമാക്കി.
നോട്ട് നിരോധനം പ്രയോജനമുണ്ടാക്കിയില്ലെന്നും ജിഎസ്ടി കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.