iam an all ahabadi goonda justice katju tells raj thackerays party

മുംബൈ: കരണ്‍ ജോഹര്‍ ചിത്രമായ യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീക്ഷണിമുഴക്കിയ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെ വെല്ലുവിളിച്ച് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

എംഎന്‍എസ് പ്രവര്‍ത്തകരെ ഗൂണ്ടകളെന്ന് വിളിച്ച കട്ജു, സിനിമാ താരങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച് തന്നോട് പൊരുതാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്തു.

അറബിക്കടലിലെ ഉപ്പ് വെള്ളം കുടിച്ച് വളര്‍ന്ന ഗൂണ്ടകളാണ് എംഎന്‍എസ്, പക്ഷെ താന്‍ ത്രിവേണി സംഗമത്തിലെ പരിശുദ്ധ ജലം കുടിച്ച് വളര്‍ന്ന അലഹബാദി ഗൂണ്ടയാണ്.

അതുകൊണ്ട് നിസ്സഹായരായ കലാകാരന്‍മാരെ ഭീക്ഷണിപ്പെടുത്തുന്നതിന് പകരം തന്നോട് ഗുസ്തിക്ക് വരൂ, ആരാണ് വലിയ ഗൂണ്ട എന്ന് ലോകം കാണട്ടെയെന്നും അദ്ദേഹം ട്വീറ്ററിലുടെ വെല്ലുവിളിച്ചു.


പാകിസ്താന്‍ നടനായ ഫവാദ് ഖാന്‍ അഭിനയിക്കുന്ന ചിത്രമായതിനാലാണ് നവനിര്‍മ്മാണ്‍ സേന യെ ദില്‍ ഹെ മുഷ്‌കിലിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീക്ഷണി മുഴക്കിയത്. ഇതിനെതിരെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും എംഎന്‍എസിനെതിരെ ആഞ്ഞടിച്ചിരുന്നു. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടി പാഠങ്ങളില്‍ നിന്നും പഠിച്ചില്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ സംപൂജ്യരാകുമെന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം.

വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം വികാരനിര്‍ഭരനായി വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.

ചിത്രം പ്രദര്‍ശിപ്പിക്കും എന്നാല്‍ ഇനിയൊരിക്കലും പാക് താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്നുമായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്.

Top