ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി കങ്കണ റാണവത്ത്. തന്നെ അപമാനിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കങ്കണ. തന്നെ വേശ്യയെന്നോ മനോരോഗിയെന്നോ വിളിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ല.
ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ദേശീയ ചാനലിലാണ് കങ്കണ തുറന്നടിച്ചത്.
താന്‍ സുന്ദരിയായതു കൊണ്ടാണ് വേശ്യയെന്നു വിളിക്കുന്നത്. തന്റേടിയും കരിയറില്‍ വിജയം നേടിയതും കൊണ്ടാണ് തന്നെ മനോരോഗിയെന്നു വിളിക്കുന്നത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമാണ് തന്റെ പുരസ്‌കാരമെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നുപോയാല്‍ നമുക്കു മുന്നില്‍ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ തന്റെ കഴിവു കൊണ്ടെത്തിയെന്ന് കങ്കണ പറഞ്ഞു.
കങ്കണയും ഹൃത്വിക് റോഷനുമായുള്ള ബന്ധമാണ് ബോളിവുഡില്‍ വിവാദങ്ങള്‍ ഉണ്ടായക്കിയത്. കങ്കണയ്ക്ക് ഹൃത്വിക് റോഷന്‍ ഇ മെയിലുകള്‍ അയച്ചുവെന്ന ആരോപണമായിരുന്നു ആദ്യം വന്നത്. ഇത് വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹൃത്വിക് ആരോപിച്ചു. തുടര്‍ന്ന് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത് ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരി കൊളുത്തിയത്.