I am still under treatment. But if I take rest, I will not be well; sushamma tweet

ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സയിലാണ്, എന്നാല്‍ ജോലിയില്‍ നിന്ന് വിട്ട് വെറുതെയിരിക്കുന്നതാണ് എനിക്ക് അസുഖമെന്ന്‌ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്ന സുഷമാ സ്വരാജ്, ട്വിറ്ററിലൂടെ സുഖാന്വേഷണം നടത്തിയ ആള്‍ക്കാണ് ഇങ്ങനെ മറുപടി നല്‍കിയത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുഷമ. എന്നാല്‍ ആശുപത്രിയില്‍ കിടന്നുകൊണ്ടുതന്നെ തന്റെ ജോലിയില്‍ മുഴുകുന്ന മന്ത്രിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍ ട്വിറ്ററിലൂടെ സുഷമയുടെ ആരോഗ്യം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

കഴിഞ്ഞ മാസമാണ് സുഷമാ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെയും അല്ലാതെയും തനിക്കു ലഭിക്കുന്ന പരാതികളില്‍, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുഷമാ സ്വരാജ് കാട്ടുന്ന ശുഷ്‌കാന്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ചയും സുഷമാ സ്വരാജ്.

കുടുംബാംഗങ്ങള്‍ക്ക് ഇസ്താംബൂളിലേയ്ക്കു പോകുന്നതിനുള്ള വിസ ഏര്‍പ്പെടുത്തി നല്‍കുന്നതിനും മറ്റുമായി തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി അവര്‍ ആശുപത്രിയില്‍ വെച്ച് ആശയവിനിമയവും നടത്തിയിരുന്നു.

Top