ചണ്ഡീഗഡ്: ബിജെപി രാജ്യസഭാംഗത്വം രാജിവെച്ച നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ പാര്‍ട്ടിയില്‍ തുടരും.
പഞ്ചാബിലെ അമൃത്സര്‍ ഈസ്റ്റില്‍ നിന്നുള്ള നിയമസഭാംഗമായ നവജ്യോത് കൗര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കൗര്‍ അറിയിച്ചു.
രാജ്യസഭാംഗത്വമാണ് അദ്ദേഹം രാജി വെച്ചത്. ഇത് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചുവെന്ന അര്‍ത്ഥം നല്‍കുന്നില്ലെന്ന് കൗര്‍ പ്രതികരിച്ചു.
പഞ്ചാബില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സിദ്ദു തീരുമാനിച്ചിരിക്കുന്നത്.
സിദ്ദുവിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടെന്ന് കൗര്‍ വ്യക്തമാക്കി. ബിജെപി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചത്.
അടുത്ത കാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സിദ്ദു. നേരത്തെ രണ്ട് തവണ ലോക്‌സഭാംഗമായിരുന്നു.
പഞ്ചാബിലെ ശിരോമണി അകാലിദളുമായി അഭിപ്രായവ്യത്യാസം നവജ്യോത് സിംഗിന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ അകലിദളുമായി യോജിച്ച് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ തന്നെ നവജ്യോത് സിംഗ് സിദ്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും നവജ്യോത് കൗര്‍ പറഞ്ഞു.
ബിജെപി അംഗത്വവും സിദ്ദു ഉടന്‍ ഉപേക്ഷിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് എണ്‍പതാം ദിവസമാണ് സിദ്ദു രാജിവെച്ചത്