ന്യൂഡല്‍ഹി: വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ആറ് വിദ്യാര്‍ഥികളും ഇന്നലെ അര്‍ദ്ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തിയിരുന്നു. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ,രനാങ്ക ശ്വേതരാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ എത്തിയത്. 500 ഓളം വരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഇവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.
‘കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഞാന്‍ ഈ കാമ്പസിലുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഒരു മുസ്‌ലിമാണെന്ന് തോന്നിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ പത്ത് ദിവസങ്ങളായി പലരും എന്നെ നിരന്തരം ഓര്‍മപ്പെടുത്തുന്നു, ഞാന്‍ മുസ്‌ലിമാണെന്ന്. അത് സത്യമാണ്. പക്ഷെ ഞാനൊരു ഭീകരവാദിയല്ല.’ രാജ്യദ്രോഹ കേസ് ചുമത്തി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദ് പറഞ്ഞു.
ഫെബ്രുവരി ഒന്‍പതിന് സംഘടിപ്പിച്ച പരിപാടിയുടെ പേരിലല്ല തങ്ങള്‍ വേട്ടയാടപ്പെടുന്നത്. ഞങ്ങളെ നേരിടാന്‍ ഒരു കാരണം തേടി നടക്കുകയായിരുന്നു സര്‍ക്കാര്‍. മാധ്യമങ്ങളെക്കുറിച്ചും ഉമര്‍ ഖാലിദ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. മാധ്യമ വിചാരണ.. തെറ്റായ പ്രചാരണങ്ങള്‍.. എന്റെ കുടുംബം കടന്നുപോകുന്ന മോശമായ അവസ്ഥയെക്കുറിച്ച് എനിക്കറിയാം.
എനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണ്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തനിക്ക് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്നും ഖാലിദ് പറഞ്ഞു.
കനയ്യ കുമാറിനെ മോചിപ്പിക്കുക, രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുക, ജെ.എന്‍.യു നീണാള്‍ വാഴട്ടെ.. എന്നീ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു കാമ്പസ്. അതേസമയം, സുഹൃത്തുക്കള്‍ മടങ്ങിവന്നതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് ജെ.എന്‍.യു യൂണിയന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് പറഞ്ഞു. ഇവര്‍ പൊലീസിന് കീഴടങ്ങുമെന്നും ഷെഹ്‌ല പറഞ്ഞു. പ്രത്യക്ഷമായി കാണാനില്ലെങ്കിലും കാമ്പസില്‍ പൊലീസ് മഫ്തിയിലുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇവര്‍ ക്യാപസില്‍ എത്തിയതറിഞ്ഞ് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്‌തെങ്കിലും കാമ്പസിനകത്ത് കടക്കാന്‍ വൈസ്ചാന്‍സലറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാനായില്ല.