മോദിയുമായി പ്രശ്‌നങ്ങളില്ല ; വിരോധം അമിത് ഷായോടെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

രാജ്യത്ത് ഏകാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നത് അമിതാ ഷാ ആണെന്നും അവര്‍ പറഞ്ഞു.

സി എന്‍ എന്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോദിയെ അനുകൂലിച്ചും അമിത് ഷായെ കുറ്റപ്പെടുത്തിയുമുള്ള പ്രതികരണം മമത നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളില്‍ കൂറുമാറ്റവും മുന്നണിമാറ്റങ്ങളും സജീവമായിരിക്കെയാണ്, ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ഈ മനം മാറ്റം.

‘എനിക്ക് നരേന്ദ്ര മോദിയുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍ അമിത് ഷായോട് അങ്ങനെയല്ല. ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. ഞാന്‍ എന്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തണം? അക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നോക്കിക്കൊള്ളും’ മമത പറയുന്നു.

എന്നാല്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മമത നടത്തിയത്. ‘എല്ലാവരും ഭയത്തിലാണ്. എങ്ങനെയാണ് പാര്‍ട്ടി അധ്യക്ഷന് മന്ത്രിമാരുടെ യോഗം വിളിച്ചു കൂട്ടാന്‍ സാധിക്കുക? ആരാണ് പ്രധാനമന്ത്രി അമിത് ഷായോ അതോ മോദിയോ?’ മമത ചോദിച്ചു.

അതേസമയം പ്രധാനമന്ത്രിയോട് യാതൊരു പ്രശ്‌നവുമില്ലെന്ന മമതയുടെ പ്രസ്താവന പ്രതിപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്.

Top