രജനി നായകനായ കാര്‍ത്തിക്ക് സുബ്ബരാജിന്റെ 2019-ല്‍ റിലീസായ ‘പേട്ട’ സിനിമയിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി തമിഴ് സിനിമ ലോകത്തേക്ക് എത്തുന്നത്. തന്റെ ആദ്യ തമിഴ് സിനിമയുടെ ഷൂട്ടിനു ശേഷം കുറ്റബോധം തോന്നിയെന്ന് സിദ്ദിഖി വെളിപ്പെടുത്തി.
” രജനി സാറിനൊപ്പം പേട്ട ചെയ്ത സമയത്ത് ഷൂട്ടിനു ശേഷം തിരിച്ചു വന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല കുറ്റബോധമാണ് തോന്നിയത്. എനിക്ക് അറിയാത്ത ഒരു കാര്യം ചെയ്തതിന് ആണ് ഞാന്‍ പണം കൈപ്പറ്റുന്നത് എന്നതായിരുന്നു അതിന് കാരണം. മറ്റുള്ളവരെ കളിപ്പിക്കുന്നതായാണ് എനിക്ക് തോന്നിയത്. ഒരു തട്ടിപ്പ് നടത്തിയ പോലെ. കുറെ വാക്കുകള്‍ എനിക്ക് മനസ്സിലാകുന്നതേയില്ലായിരുന്നു. വെറുതെ ചുണ്ടനക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിപ്പോ എത്ര മികച്ചതായി പുറത്ത് വന്നാലും നമുക്കുതന്നെ സ്വയം ഒരു നാണക്കേട് തോന്നും. അതിനുള്ള പ്രതിഫലം കൈപ്പറ്റുക കൂടിയാകുമ്പോള്‍ തട്ടിപ്പ് നടത്തിയില്ലേ എന്ന് സ്വയം ചോദിച്ചു പോകും.”- നവാസ്സുദ്ദീന്‍ പറഞ്ഞു.
സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയുടെ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്.വിജയ് സേതുപതി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. ശിവ സംവിധാനം ചെയ്ത അജിത്ത്-നയന്‍താര സിനിമ ‘വിശ്വാസ’ത്തിനൊപ്പമാണ് ‘പേട്ട’ റിലീസായത്. തന്റെ ആദ്യ തെലുങ്ക് സിനിമയായ ‘സൈന്ധവി’ല്‍ ‘പേ’ട്ടയിലെ അതേ അനുഭവം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും നവാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ തന്നെയാണ് ഡബ്ബിങ് ചെയ്തത്. ഓരോ ഡയലോഗിന്റെയും അര്‍ഥം എന്താണെന്നും ഞാന്‍ എന്താണ് പറയുന്നത്, എന്തിനത് പറയുന്നു എന്നൊക്കെ എനിക്ക് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് വലിയ കുറ്റ ബോധം തോന്നിയില്ല.”- നവാസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
ശൈലേഷിന്റെ നേതൃത്വത്തില്‍ വെങ്കട്ട് ബൊയനപ്പള്ളി നിര്‍മ്മിച്ച ഒരു ആക്ഷന്‍ പാക്ക് മൂവിയാണ് 2023-ലെ ‘സൈന്ധവ്’. വെങ്കടേഷ് ദഗുബട്ടി, ശ്രദ്ധ ശ്രീനാഥ്, റൂഹാണി ശര്‍മ്മ, ആന്‍ഡ്രിയ ജറമിയ, സാറ ജയപ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജനുവരി 13-ന് റിലീസായ സിനിമ ഇപ്പോള്‍ പ്രൈമില്‍ ലഭ്യമാണ്. വെങ്കടേശിന്റെ ക്യാരക്ടറുമായി കൊമ്പു കോര്‍ക്കുന്ന വികാസ് മാലിക് എന്ന ഗ്യാങ്സ്റ്ററായാണ് നവാസുദ്ദീന്‍ സിനിമയില്‍. അത്ഭുത്, നൂറാണി ചെഹര, സങ്കീന്‍ എന്നിവയാണ് നവാസുദ്ദീന്റെ അടുത്ത സിനിമകള്‍.