രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍; സൂരജ് സന്തോഷ്

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്ര സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ അഭിപ്രായം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. കലാലോകത്തുനിന്ന് കേട്ട വിമര്‍ശന സ്വരങ്ങളിലൊന്ന് ഗായകന്‍ സൂരജ് സന്തോഷിന്റേതായിരുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തുടര്‍ന്ന് സൂരജിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായകന്‍.

‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’, സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ചിത്രയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ ശ്രീകുമാരന്‍ തമ്പി, ജി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിവാദത്തില്‍ കെഎസ് ചിത്രയെ പിന്തുണച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തി മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ല. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാം, സജി ചെറിയാന്‍ പറഞ്ഞു.

Top