ഐ ലീഗിന് തുടക്കം; മൂന്നാം കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി

മലപ്പുറം: ഗോകുലം കേരള എഫ്.സി. ഐ ലീഗിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇനി കളിയാരാധകരുടെ കണ്ണുംകാതും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാത്രമായി ചുരുങ്ങും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിനെയാണ് ഐ ലീഗ് ഉദ്ഘാടനമത്സരത്തില്‍ നേരിടുന്നത്. ശനിയാഴ്ച വൈകിട്ട് 4.30 നാണ് മത്സരം. ഹാട്രിക് കിരീടം സ്വന്തമാക്കി ഐ.എസ്.എല്‍. പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെയാണ് മലബാറിയന്‍സ് എന്ന് വിളിപ്പേരുള്ള ടീമിന്റെ ഓരോ നീക്കങ്ങളും.

രണ്ടുവര്‍ഷം കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ഇത്തവണ ഹോം, എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. 11 ഹോം മത്സരങ്ങളില്‍ ഗോകുലത്തിന്റെ ആറുമത്സരങ്ങളും പയ്യനാടാണ്. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ നേതൃത്വത്തിലുള്ള ടീം രണ്ടുമാസമായി കോഴിക്കോടാണ് പരിശീലനം നടത്തിയത്.

തുടര്‍ച്ചയായി രണ്ടുതവണ കിരീടംചൂടിയ ടീമിന്റെ ലക്ഷ്യം ഹാട്രിക് കിരീടമാണെന്നും അതിലൂടെ ഐ.എസ്.എല്‍. പ്രവേശനമാണ് ലക്ഷ്യമിടുന്നതെന്നും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ, മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍, ഡി.എഫ്.എ. പ്രസിഡന്റ് അഷ്റഫ്, മുന്‍ ദേശീയതാരം യു.എ. ഷറഫലി, കോച്ച് റിച്ചാര്‍ഡ് ടോവ തുടങ്ങിയവര്‍ പങ്കെടുത്തു.

Top