കൊല്‍ക്കത്ത: ഐ.ലീഗില്‍ ഗോകുലം കേരള എഫ്.സിയ്‌ക്കെതിരേ ട്രാവു എഫ്.സി ഒരു ഗോളിന് മുന്നില്‍ (1-0). 23-ാം മിനിട്ടില്‍ ട്രാവുവിന്റെ ഗോളടിയന്ത്രം വിദ്യാസാഗര്‍ സിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്‌സിന് വെളിയില്‍ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാഗര്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗറിന്റെ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ ഉബൈദിന് സാധിച്ചുള്ളൂ. വിദ്യാസാഗര്‍ ഈ സീസണില്‍ നേടുന്ന 12-ാം ഗോളാണിത്.
ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്ക് 26 പോയന്റാണുള്ളത്. പരസ്പരം കളിച്ചതിലെ ഫലം ഗോകുലത്തിന് മുന്‍തൂക്കം നല്‍കുന്നു. ട്രാവുവിനെ തോല്‍പ്പിച്ചാല്‍ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം. മത്സരം സമനിലയായാല്‍ ചര്‍ച്ചില്‍-പഞ്ചാബ് മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും.
ചര്‍ച്ചില്‍ ജയിക്കാതിരുന്നാലും ഗോകുലത്തിന് കപ്പുയര്‍ത്താം. ഗോകുലത്തെ തോല്‍പ്പിച്ചാല്‍ ട്രാവുവിനും പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ചര്‍ച്ചിലും കിരീടസാധ്യതയുള്ളതിനാല്‍ അവസാന റൗണ്ടിലെ രണ്ടു മത്സരങ്ങള്‍ക്കും ഫൈനലിന്റെ പരിവേഷം കൈവന്നിട്ടുണ്ട്.
മധ്യനിരതാരം മായകണ്ണന്‍ സസ്‌പെന്‍ഷനിലായതിനാല്‍ കളിക്കാനാകാത്തത് ഗോകുലത്തിന് തിരിച്ചടിയാകും. താജിക്കിസ്താന്‍ മുന്നേറ്റനിരതാരം കോംറോണ്‍ തുര്‍സനോവിന്റെ അഭാവം ട്രാവുവിന് തലവേദനയാകും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി തുര്‍സനോവ് നാട്ടിലേക്ക് മടങ്ങി. മുന്നേറ്റനിരയിലെ ഡെന്നീസ് ആന്റ് വിയുടെ മികച്ച ഫോമിലാണ് ഗോകുലം പ്രതീക്ഷ വെക്കുന്നത്.