അന്തരിച്ച നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് സൗഭാഗ്യ നന്ദിയും പറഞ്ഞു. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ.
‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വര്‍ഷങ്ങള്‍. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ സൗഭാഗ്യ കുറിച്ചു. സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ നിരവധിയാളുകളാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളിലൂടെ തങ്ങളുടെയും മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മിയെന്നാണ് ഭൂരിഭാഗം പേരുടേയും കമെന്റുകള്‍.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951-ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.
ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു. ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളുണ്ട്.
View this post on Instagram