മീ ടൂ വെളിപ്പെടുത്തലിന് ശേഷം അവസരങ്ങള്‍ നഷ്ടമായി; തുറന്ന് പറഞ്ഞ് ചിന്മയി

മിഴകത്ത് ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി. വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നിരവധി പേര്‍ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. മീ ടൂ ആരോപണങ്ങളുടെ പേരില്‍ ആദ്യ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ് ചിന്മയിക്ക്. തമിഴ്‌നാട്ടിലെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്നും ചിന്മയിയെ പുറത്താക്കുകയും ചെയ്തു. സംഘടനയിലെ അംഗത്വ ഫീസ് രണ്ടുവര്‍ഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്.

മീ ടൂവിന് ശേഷം തന്റെ ജീവിതം ആകെ മാറിപ്പോയതായി ചിന്മയി പറഞ്ഞു. വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. 96 എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന ഹിറ്റ് ഗാനം പാടിയത് ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും ചിന്മയി പറഞ്ഞു.

‘മാസത്തില്‍ 15ഓളം ഗാനങ്ങള്‍ ഞാന്‍ പാടാറുണ്ടായിരുന്നു. അതില്‍ 5 എണ്ണമെങ്കിലും തമിഴായിരിക്കും. എന്നാല്‍ അതും ഇല്ലാതെയായി. ഡബ്ബിങ് യൂണിയന്‍ പുറത്താക്കുകയും ചെയ്തു. 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നു. അതിന് ശേഷമാണ് ഇരുമ്പ് തിരൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്,’ ചിന്മയി പറഞ്ഞു.

Top