‘എനിക്ക് ഒരു കുഞ്ഞിനെ വേണം’ ; മകളുടെ ഈ ആഗ്രഹത്തിനായി ചൈനയിൽ ഒരമ്മയുടെ ത്യാഗം

Chinese woman

ബെയ്‌ജിംഗ് : എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി ചൈനയിൽ ഒരമ്മ മകൾക്ക് സ്വന്തം ഗർഭപാത്രം ദാനം ചെയ്തു. വടക്കൻ ചൈനയിലാണ് 29 കാരിയായ മകൾക്ക് 51 വയസുള്ള അമ്മ ഗർഭപാത്രം നൽകിയത്.

ഷാൻക്സി പ്രവിശ്യയിലെ സിയാനിൽ സ്ഥിതി ചെയ്യുന്ന ഷീജിംഗ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. അവളുടെ ശരീരത്തിൽ ഓപ്പറേഷൻ നടത്തിയതിന് ശേഷം അവയവം നന്നായി പ്രവർത്തിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

റിപ്പോർട്ട് പ്രകാരം ചൈനയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ വിജയകരമായ ട്രാൻസ്പ്ലാൻറ് ആണ് ഇത്. ഷീജിംഗ് ഹോസ്പിറ്റലിൽ 2015 ആണ് ആദ്യത്തെ ഗർഭപാത്ര ട്രാൻസ്പ്ലാന്റെ നടന്നത്. തെക്കൻ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഈ യുവതി ഗർഭപാത്രമില്ലാതെയാണ് ജനിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്ന് മകളുടെ ആഗ്രഹമാണ് അമ്മയെ ഈ തീരുമാനത്തിൽ എത്തിച്ചത്.

ഈ ശസ്ത്രക്രിയ വളരെ കടുത്തതായിരുന്നു. പക്ഷേ ആ വേദന സഹിക്കാൻ ഞാൻ തയ്യാറണെന്നും എന്റെ ശരീരം പൂർണ്ണ ആരോഗ്യത്തിൽ എത്തിയതിന് ശേഷം ഞാൻ ഗർഭിണിയാവുകയാണെങ്കിൽ അതെന്റെ ഭാഗ്യമാണെന്നും യുവതി പറഞ്ഞു.

ആദ്യം നടത്തിയ ശസ്ത്രക്രിയയെക്കാൾ കൂടുതൽ സങ്കീർണ്ണമായിരുന്നു ഇത്. യുവതിയുടെ അമ്മയ്ക്ക് മൂന്ന് വർഷം മുൻപ് ആർത്തവം നിന്നിരുന്നുവെന്നും അതിനാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുവെന്നും ഡോക്ടർമാർ സൂചിപ്പിച്ചു. 20 ഡോക്ടർമാർ ഈ ഓപ്പറേഷനിൽ പങ്കെടുത്തു.

ഗർഭപാത്രം ഇത്തരത്തിൽ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ സങ്കീർണ്ണവും അപകടകരവുമായ ഒന്നാണ്. ജർമ്മൻ, സ്വീഡൻ, അമേരിക്ക, ബ്രസീൽ, ഇന്ത്യ തുടങ്ങിയ ഒൻപത് രാജ്യങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ 30 ട്രാൻസ്പ്ലാന്റുകൾ നടന്നിട്ടുള്ളത്. ഇതിൽ അമേരിക്കയിൽ കഴിഞ്ഞ വർഷവും സ്വീഡനിൽ 2014ലും ട്രാൻസ്പ്ലാന്റെ ചെയ്ത സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഓരോ വർഷവും ചൈനയിൽ ഗർഭപാത്രം കൂടാതെ 30,000 മുതൽ 40,000 പെൺകുട്ടികൾ ജനിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ട് : രേഷ്മ പി .എം

Top