ന്യൂഡല്‍ഹി: ദുര്‍ഗാദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി മാപ്പു പറയാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കിയതോടെ രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു.
അതേസമയം, ഹിന്ദുമത വിശ്വാസിയായ തനിക്ക് ദുര്‍ഗാദേവിയെക്കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്മൃതി സഭയില്‍ വ്യക്തമാക്കി. താനും ദുര്‍ഗാഭക്തയാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇത്തരം പോസ്റ്ററുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകരിക്കുമോയെന്നാണ് താന്‍ ചോദിച്ചതെന്നും അതിനാല്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
രാജ്യസഭയില്‍ ജെ.എന്‍.യു വിഷയം സംബന്ധിച്ച ചര്‍ച്ച നടന്നപ്പോഴാണ് ദുര്‍ഗാദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള വിവാദപരാമര്‍ശമുണ്ടായത്. ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. മഹിഷാസുരനെ ദളിതരുടെ നേതാവായും ദുര്‍ഗയെ മഹിഷാസുരനെ വഞ്ചിച്ചുകൊന്ന മോശം സ്ത്രീയുമായാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഈ ലഘുലേഖയിലെ ചില പരാമര്‍ശങ്ങള്‍ സ്മൃതി ഇറാനി സഭയില്‍ വായിച്ചതാണ് വിവാദത്തിന് കാരണമായത്. ജെ.എന്‍.യുവില്‍ മഹിഷാസുര രക്തസാക്ഷി ദിനാചരണം നടന്നതായും സ്മൃതി പറഞ്ഞു.
ജെ.എന്‍.യു വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചപ്പോഴാണ് മന്ത്രി ലഘുലേഖ വായിച്ചുകൊണ്ട് ദുര്‍ഗാദേവിയെ മോശമായി ചിത്രീകരിക്കുന്നവരെ നിങ്ങള്‍ക്ക് പിന്തുണക്കാന്‍ കഴിയുമോയെന്ന് മന്ത്രി ചോദിച്ചത്. കേന്ദ്രമന്ത്രി പദവിയിലിരുന്നുകൊണ്ട് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം ശരിയല്ലെന്നും ഇത് പിന്‍വലിച്ച് മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, 2013ല്‍ ജെ.എന്‍.യുവില്‍ നടന്ന മഹിഷാസുര ദിനത്തില്‍ താനും പങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി എം.പി ഉദിത് മഹാരാജ് വ്യക്തമാക്കി. മഹിഷാസുരനെ രക്തസാക്ഷിയായാണ് താന്‍ കാണുന്നത്. ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും ഇതേ അഭിപ്രായക്കാരനായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത വേളയില്‍ താന്‍ ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഉദിത് പറഞ്ഞു.