തന്റെ രാജ്യത്തെ വിറ്റ ഒരാളോട് ഞാന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു; ഹര്‍ഭജന്‍

മുംബൈ: പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ വീണ്ടും കടന്നാക്രമണവുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ചില്ലറപ്പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത ക്രിക്കറ്റ് താരമായ ആമിറിനെപ്പോലൊരു താരത്തോട് താന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും ആമിറിനെപ്പോലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പാക് പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നുമാണ് ഇന്ന് ഹര്‍ഭജന്‍ ടെലിവിഷന്‍ ഷോയില്‍ പറഞ്ഞത്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോടു തോല്‍വിവഴങ്ങിയതിനു പിന്നാലെയാണ് ഇരുവരുടെയും വാക്‌പോര് ആരംഭിച്ചത്. പാക് ജയത്തിനു പിന്നാലെ പ്രകോപന കമന്റുമായി ആമിറാണ് തുടക്കമിട്ടത്.

ഹര്‍ഭജനെ പരിഹസിച്ചു കൊണ്ട് ”ഹര്‍ഭജന്‍ ടിവി തല്ലിപൊട്ടിച്ചോ” എന്നാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ലോകകപ്പ് തോല്‍വികള്‍ക്ക് ശേഷം പാകിസ്താന്‍ ആരാധകര്‍ ടിവി തല്ലിത്തകര്‍ത്തിരുന്നു എന്ന ഹര്‍ഭജന്റെ പഴയ പരാമര്‍ശം ഓര്‍മിപ്പിച്ചായിരുന്നു ആമിറിന്റെ കമന്റ്.

എന്നാല്‍ പാക്കിസ്താനെതിരായ ഒരു മത്സരത്തില്‍ മുഹമ്മദ് ആമിര്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സര്‍ പായിച്ചു ടീം ഇന്ത്യയെ വിജയത്തിലേക്കു നയിച്ച തന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഹര്‍ഭജന്റെ മറുപടി. ”ഈ പന്ത് നിങ്ങളുടെ വീട്ടിലെ ടിവിയിലാണോ പതിച്ചത്” എന്നായിരുന്നു ഹര്‍ഭജന്‍ ചോദിച്ചത്.

ഇതിനും ഉടന്‍ ആമിറിന്റെ മറുപടി വന്നു. ഹര്‍ഭജന്റെ നാല് പന്തുകളില്‍ നിന്നും അഫ്രീദി നാല് സിക്‌സറുകള്‍ നേടുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ആമിര്‍ തുടര്‍ന്നതോടെ 2010ലെ ആമിറിന്റെ ‘നോ ബോള്‍’ വിവാദത്തെ ഹര്‍ഭജന്‍ പരിഹസിച്ച് അതിന്റെ ചിത്രമാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തത്.

ഇതിനു മറുപടിയായി ഒരു മോശം വാക്കാണ് ആമിര്‍ ഉപയോഗിച്ചത്. അവസാനം പാകിസ്താനെതിരെ അവസാന ഓവറില്‍ സിക്‌സര്‍ നേടുന്ന വീഡിയോ ഒരിക്കല്‍ കൂടി ഹര്‍ഭജന്‍ പങ്കുവച്ചതോടെയാണ് വാക്‌പോരിനു അവസാനമായത്. എന്നാല്‍ തന്റെ രോഷം അവിടംകൊണ്ട് തീര്‍ന്നില്ലെന്നാണ് ഹര്‍ഭജന്റെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മനസിലാക്കുന്നത്. പിന്നീട് ഒരു ടെലിവിഷന്‍ ഷോയിലാണ് ഭാജി ആമിറിനെതിരേ ആഞ്ഞടിച്ചത്.

”ഞാനും ഷൊയ്ബ് അക്തറും തമ്മിലുള്ള സംസാരം പോലെയല്ല ഇത്. ഞങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. ഒരുമിച്ച് ധാരാളം കളിച്ചിട്ടുണ്ട്. പക്ഷേ, ആമിര്‍ ആരാണ്? ലോര്‍ഡ്‌സില്‍ ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ടതല്ലേ അവന്‍. എങ്ങനെയാണ് വിശ്വസിക്കുക. വളരെ കുറച്ച് മത്സരവും കളിച്ചിട്ട് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തു. സ്വന്തം രാജ്യത്തെ വിറ്റ് ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് ആമിറിനെ പോലെയുള്ളവര്‍ക്ക് അറിയില്ല.” ഹര്‍ഭജന്‍ പറഞ്ഞു.

”മുതിര്‍ന്ന ആള്‍ക്കാരോട് എങ്ങനെ സംസാരിക്കണമെന്ന് ആമിര്‍ പഠിക്കേണ്ടതുണ്ട്. ഇപ്പോഴും വസീം അക്രമിനെ പോലെയുള്ള ക്രിക്കറ്റ് താരങ്ങളോടെ വളരെ ബഹുമാനത്തോടെയാണ് ഇന്ത്യക്കാര്‍ സംസാരിക്കുന്നത്. എന്നാല്‍ ആമിറിനെ പോലെയുള്ള ആളുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി തയാറാകണം” ഹര്‍ഭജന്‍ പറഞ്ഞു.

Top