കൂട്ടപ്പിരിച്ചുവിടല്‍ ; ബംഗളൂരു ഐടി മേഖലയിലും പ്രതിസന്ധി രൂക്ഷമാക്കുന്നു

ബെംഗളൂരു: ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടല്‍ ബെംഗളൂരുവിലും പ്രതിസന്ധി രൂക്ഷമാക്കുന്നു.

പല ഐ.ടി. കമ്പനികളും ജിവനക്കാരോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്നത് വിവരസാങ്കേതിക ലോകത്ത് ആശങ്ക പടര്‍ത്തുകയാണ്. എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍ പോലും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ട്.56000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.

15 ലക്ഷത്തോളംപേര്‍ ജോലി ചെയ്യുന്ന ഐ.ടി. രംഗത്ത് 30 ശതമാനവും മലയാളികളാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഐ.ടി. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ട്. മോശം പ്രകടനം നടത്തുന്നവരുടെ ജോലി ജോലിനഷ്ടമാകും ഇങ്ങനെ പുറത്തുപോകേണ്ടിവരുന്നവര്‍ക്ക് മറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നതിനാല്‍ പ്രതിസന്ധിയുണ്ടാകാറില്ല.

പക്ഷെ മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഐ.ടി. കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. പുതുതായി ആരേയും ജോലിക്കെടുക്കുന്നുമില്ല. ഇതാണ് ആശങ്കയ്ക്കിടയാക്കുന്നതെന്ന് ഐ.ടി. ജീവനക്കാരുടെ സംഘടനയായ ഐ.ടി, ഐ.ടീസ് എംപ്ലോയീസ് സെന്റര്‍(ഐടെക്) ഭാരവാഹികള്‍ അറിയിച്ചു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എച്ച് 1 ബി വിസ നിയന്ത്രണം, കമ്പനികളുടെ ചെലവ് ചരുക്കല്‍, ഓട്ടോമേഷന്‍ എന്നിവയും പ്രതിസന്ധിക്ക്‌ കാരണമാകുന്നു.

കമ്പനികള്‍ കൂടുതല്‍ യന്ത്രവത്കരിക്കുന്നതും യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ തദ്ദേശീയവത്കരണത്തിന് ഊന്നല്‍നല്‍കുന്നതും തൊഴില്‍ സാധ്യതകള്‍ക്ക് തിരിച്ചടിയാകും.

വിവിധ കമ്പനികളില്‍നിന്നായി പിരിച്ചുവിടല്‍നടപടി നേരിട്ട ഒട്ടേറെ ജീവനക്കാര്‍ തങ്ങളെ സമീപിച്ചതായി ഐടെക് ഭാരവാഹികള്‍ പറഞ്ഞു. പരിച്ചുവിടല്‍ ഭീഷണിയെത്തുടര്‍ന്ന് ഐടെക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9620907912.

ഐ.ടി. കമ്പനികളില്‍നിന്ന് ജീവനക്കാരെ പരിച്ചുവിടുന്ന സംഭവത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.

Top