ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടിയായിരുന്നു ലോഞ്ച് ചെയ്തത്. മുൻനിര യുവ- സീനിയർ താരങ്ങൾ അണിനിരന്ന ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ‘ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ വിമർശനങ്ങൾക്ക് വഴിവച്ചു. മമ്മൂട്ടി ബോഡി ഷെയ്മിംഗ് നടത്തി എന്നായിരുന്നു വിമർശനങ്ങൾ. പിന്നാലെ വിഷയത്തിൽ ഖേദ പ്രകടനവുമായി മമ്മൂട്ടി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ജൂഡ് ആന്റണി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
“പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി”, എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ “എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു”, എന്ന് ജൂഡ് കുറിക്കുക ആയിരുന്നു.