വ്യത്യസ്തമായ ഒരു കഥ പറയാനാണ് ശ്രമിച്ചത്, പക്ഷേ ‘വൈ ദിസ് കൊലവെറി ഡി’ സിനിമയെ വിഴുങ്ങി; ഐശ്വര്യ രജനികാന്ത്

ചെന്നൈ: തന്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനത്തിന്റെ വിജയം ബാധിച്ചെന്ന് ഐശ്വര്യ രജനികാന്ത്. തന്റെ പുതിയ ചിത്രം ‘ലാല്‍ സലാം’ സംബന്ധിച്ച പ്രമോഷന്‍ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യത്തെ് കുറിച്ച് തുറന്നുപറഞ്ഞത്. ആ പാട്ടിന്റെ വിജയം തങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുവെന്നും അത് എന്തായാലും തന്റെ സിനിമയെ സഹായിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. 2012-ലാണ് ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവ് ധനുഷ് നായകനായും ശ്രുതിഹാസന്‍ നായികയായും 3 ഐശ്വര്യ ഒരുക്കിയത്.

അനിരുദ്ധ് രവിചന്ദറാണ് ‘വൈ ദിസ് കൊലവെറി ഡി’ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. ‘വൈ ദിസ് കൊലവെറി ഡി’ ലീക്കായതോടെ ആഗോള തരംഗമായി മാറുകയായിരുന്നു. തുടര്‍ന്ന് 2011-ല്‍ യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തു. യുട്യൂബിലും നിരവധി പ്ലാറ്റ്ഫോമുകളിലും ഇത് ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടി ഗാനത്തെ ആഗോള ഹിറ്റാക്കി മാറ്റി. റെഡ്‌നൂലിന് അടുത്തിടെ നല്‍കിയ അഭിമുഖത്തി ഐശ്വര്യ രജനികാന്ത് 3ക്ക് ഈ ഗാനം മൂലം ഉണ്ടായ പ്രശ്‌നം തുറന്നു പറഞ്ഞു, ‘ഞങ്ങള്‍ തയ്യാറായിരുന്നില്ല, അത് വലിയ ഞെട്ടലായിരുന്നു. ‘കൊലവെറി ഡി’ വന്‍ വൈറലായി. അതിന്റെ വന്‍ വിജയം സിനിമയില്‍ വലിയ സമ്മര്‍ദ്ദമായി മാറി. അതിശയത്തേക്കാള്‍ കൊലവെറി ഡിയുടെ വിജയം എനിക്ക് ഞെട്ടലായിരുന്നു ‘

‘ഞാന്‍ വ്യത്യസ്തമായ ഒരു കഥ പറയാനാണ് ആ സിനിമയില്‍ ശ്രമിച്ചത്. പക്ഷേ ഗാനം സിനിമയെ വിഴുങ്ങുകയും അത് മറ്റൊരു രീതിയില്‍ ഇംപ്രഷനുണ്ടാക്കി. ഗാനത്തിന്റെ ഈ വലിയ വിജയം എനിക്ക് സ്വീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇതൊരു സീരിയസ് സിനിമയായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോള്‍ അധികമാരും സിനിമയെക്കുറിച്ച് സംസാരിച്ചില്ല. എന്നാല്‍ അതിന്റെ റീ-റിലീസ് സമയത്തും, ടിവി ടെലികാസ്റ്റ് ചെയ്യുന്ന സമയത്തും ഒരുപാട് ഫോണ്‍ കോളുകള്‍ ഇപ്പോഴും വരാറുണ്ട്” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ‘കൊലവെറി ഡി’ കാരണം ‘3’ക്ക് അന്ന് പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചില്ലെന്ന് ഐശ്വര്യ, ‘ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. പലരുടെയും വ്യക്തിഗത കരിയറിനെ ഇത് സഹായിച്ചിട്ടുണ്ടെങ്കില്‍, എനിക്ക് സന്തോഷമുണ്ട്,’ എന്നും കൂട്ടിച്ചേര്‍ത്തു.

Top