ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ കഠിനാധ്വാനം ചെയ്തത് നായകനാകാന്‍ ; വിഷ്ണു വിശാല്‍

വ്യത്യസ്തമായ സിനിമകളിലൂടെ പ്രേഷക മനസുകളില്‍ നിലനില്‍ക്കുന്ന താരമാണ് വിഷ്ണു വിശാല്‍. 2023-ലെ ‘ഗാട്ട ഗുസ്തി’, ‘എഫ്‌ഐആര്‍’ തുടങ്ങിയ വിജയ സിനിമകള്‍ അതിനുദാഹരണമാണ്. ഈ വര്‍ഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിനും അത്തരമൊരു വിജയം പ്രതീക്ഷിക്കുകയാണ് താരം. തന്റെ സിനിമ കാഴ്ച്ചപ്പാടുകളെ കുറിച്ചും നായകനായി മാത്രമേ അഭിനയിക്കുകയുള്ളു എന്ന തീരുമാനത്തെ കുറിച്ചും ദ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വിഷ്ണു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എനിക്ക് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല. എനിക്ക് നായകനായി അഭിനയിക്കാനാണ് ആഗ്രഹം. അതിനാണ് ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ കഠിനാധ്വാനം ചെയ്തത്. എന്തുകൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് മുഴുവന്‍ കേള്‍ക്കുന്നതും സ്വന്തമായി സിനിമകള്‍ നിര്‍മ്മിക്കുന്നതും എന്നറിയുമോ എനിക്ക് അക്കാര്യത്തില്‍ വ്യക്തതയുള്ളതുകൊണ്ടാണ്. ഒരു സെകന്‍ഡ് ഹീറോ, നായകന്റെ സഹോദരന്‍ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാറുകളുള്ള സിനിമകള്‍ക്കായി എന്നെ പലരും സമീപിച്ചിട്ടുണ്ട്. ഞാന്‍ അതെല്ലാം വേണ്ടെന്ന് വെയ്ക്കുകയാണ് ചെയ്തത്. എന്റെ സിനിമകളില്‍ 28 ശതമാനം മാത്രമേ വിജയിക്കാത്തതായുള്ളു, എന്നാല്‍ ബാക്കി 72 ശതമാനം സിനിമകളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളവയാണ്, വിഷ്ണു വിശാല്‍ പറഞ്ഞു.

ഇതൊരു ചെറിയ നേട്ടമല്ല. ഈ ശതമാനം മെച്ചപ്പെടുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടണം, ഒപ്പം നിര്‍മ്മാതാവും വിതരണക്കാരും എന്നെ പോലെ സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും പണമുണ്ടാക്കണം. ബിസിനസും സിനിമയ്ക്ക് അനിവാര്യമാണ്. ഇവിടെ നിര്‍മ്മിക്കുന്ന 80 ശതമാനം സിനിമകളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവയല്ല. അതുകൊണ്ട് ഒരു ആവറേജ് സിനിമയില്‍ പ്രവര്‍ത്തിക്കാനോ അത് നിര്‍മ്മിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല സിനിമ നിര്‍മ്മിക്കാനും അതില്‍ അഭിനയിക്കാനുമാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിഷ്ണു വിശാല്‍ വ്യക്തമാക്കി.

Top