“ഞാനും ഒരു ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ആയിരുന്നു” : മുന്‍പ്രധാനമന്ത്രി ദേവഗൗഡ

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന ബോളിവുഡ് ചിത്രമാണ് ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. ചിത്രം ബിജെപിയുടെ പ്രചരണായുധമാണെന്ന് സാമൂഹികമാധ്യമങ്ങളിലും മറ്റും ചര്‍ച്ച നടക്കുന്നുണ്ട്.

താനും ഒരു ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ആയിരുന്നുവെന്നാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചത്. 1996 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിവിധ പാര്‍ട്ടികളുടെ പിന്തുണയോടു കൂടി പ്രധാനമന്ത്രിയായ ജെഡിഎസ് നേതാവായിരുന്നു ദേവഗൗഡ.

ഇപ്പോള്‍ നടക്കുന്നതിനെപ്പറ്റി കൃത്യമായിട്ടറിയില്ല. ഒരു മൂന്നോ നാലോ മാസത്തിന് മുന്‍പാണ് എല്ലാം തുടങ്ങുന്നതെന്ന് തോന്നുന്നു. ഇതിനൊക്കെ ആരാണ്, എന്തിനാണ് അനുവാദം നല്‍കിയതെന്ന് അറിയില്ല. ഞാനും ഒരു ‘ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ ആയിരുന്നു. അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപിയുടെ ഔദ്യോഗികട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെയാണ് ബിജെപിയുടെ പ്രചരണായുധമാണെന്ന് വിമര്‍ശനം ഉയര്‍ന്നത്. ഗാന്ധി കുടുംബത്തിലെ അനന്തരാവകാശി അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിമാത്രമായിരുന്നോ ഡോ. സിങ് എന്നും കൂടുതല്‍ വിവരങ്ങളുമായി ദി ഏക്സഡന്റല്‍ പ്രൈമിനിസ്റ്റര്‍ ജനുവരി 11 ന് റിലീസാകും എന്ന തലക്കെട്ടോടെയായിരുന്നു ട്രെയിലര്‍ പേജില്‍ ഷെയര്‍ ചെയ്തത്.

Top