‘ഞാൻ മുസ്ലീമായാണ് ജനിച്ചത്, ഇപ്പോഴും മുസ്ലീമായി തുടരുന്നു; ഖുഷ്ബു

ചെന്നൈ: മുസ്‌ലിമായാണ് ജനിച്ചത് എന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുഷ്ബു. എന്നാൽ ഇസ്‌ലാമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ടെന്നും ദ വീക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ‘മുസ്‌ലിമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലത്താണ് വളർന്നത്. പരമ്പരാഗത മുസ്‌ലിം കുടുംബത്തിൽപ്പട്ടവൾ ആയിരുന്നു എങ്കിലും വിനായക ചതുർതിയും ദീപാവലിയും ഞങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. ഗണേഷ ഭഗവാനാണ് കൂടുതൽ അടുപ്പമുള്ള ഹിന്ദു ദേവൻ. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്നെന്റെ വീട്ടിൽ ധാരാളം ഗണേശ വിഗ്രഹങ്ങൾ കാണാം.’ – അവർ പറഞ്ഞു.

മുസ്‌ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ലെന്നും എല്ലാ മതാഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ‘അമ്മയും ഞാനും കാണുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്. ഞങ്ങൾ മുസ്‌ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ല. രണ്ടും സഹവർത്തിത്വത്തോടെ നിലനിൽക്കും. എന്റെ കുട്ടികൾ പെരുന്നാളും ദീപാവലും ഒരേ വീര്യത്തോടെ ആഘോഷിക്കാറുണ്ട്.’ – അവർ കൂട്ടിച്ചേർത്തു.

ഭർത്താവ് മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ‘സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവർ ഞങ്ങളുടെ കുടുംബത്തിൽ വേറെയുമുണ്ട്. പങ്കാളികളെ മതം മാറാൻ ആരും നിർബന്ധിക്കാറില്ല. എന്റെ രണ്ടു സഹോദരങ്ങൾ അമുസ്‌ലിംകളെയാണ് വിവാഹം ചെയ്തത്. ഒരാൾ ഇന്തൊനേഷ്യൻ ഹിന്ദുവിനെയും മറ്റൊരാൾ ക്രിസ്ത്യാനിയെയും. ഭർത്താവ് മതം മാറണമെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. അദ്ദേഹം റമസാനും പെരുന്നാളും ആഘോഷിക്കാറുണ്ട്.’ – അവർ കൂട്ടിച്ചേർത്തു.

Top