പ്രതിപക്ഷ നേതാവല്ല എന്നെ നിയമിച്ചത്, വിമര്‍ശനം കടുപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും വീണ്ടും കടന്നാക്രമിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് അല്ല തന്നെ നിയമിച്ചത്. കേരളത്തിലെ എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ ഈ പരിപാടി അവസാനിപ്പിക്കണമെന്നും ഗവര്‍ണ്ണര്‍ ആരോപിക്കുന്നു.

കേരളത്തിലെ മുഴുവന്‍ മന്ത്രിമാര്‍ക്കും 20ലേറെ പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്. രണ്ടുവര്‍ഷത്തിനുശേഷം ഈ പേഴ്‌സണല്‍ സ്റ്റാഫ് പിരിഞ്ഞുപോയാല്‍ മറ്റൊരു സംഘം വരുന്നു. എല്ലാവരും പാര്‍ട്ടിക്കാരാണ്. കേരളത്തിന്റെ പണം കൊള്ളയടിക്കുന്നതിന് തുല്യമാണിത്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു ദിവസം മുന്‍പാണ് പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചത്. ഞാന്‍ കേന്ദ്രമന്ത്രിയായ ആളാണ്. പത്തോ പതിനൊന്നോ പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരമേ എനിക്കുണ്ടായിരുന്നുള്ളൂ. കേരളത്തില്‍ എല്ലാ മന്ത്രിമാരും 20ലേറെ പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുന്നുണ്ട്. രണ്ടു വര്‍ഷം ജോലി ചെയ്ത ശേഷം ഇവര്‍ രാജിവയ്ക്കുകയും പിന്നീട് പുതിയ സംഘം ചുമതലയേല്‍ക്കുന്നതുമാണ് ഈ നിയമനത്തിന്റെ രീതി. ഇവരെല്ലാം പാര്‍ട്ടി കേഡര്‍മാരാണ്. പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ പാര്‍ട്ടിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനു വേണ്ടിയാണ് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും പകരം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയില്‍നിന്നും രമേശ് ചെന്നിത്തലയില്‍നിന്നും പഠിക്കണമെന്നാണ് പ്രതിപക്ഷ നതോവ് വി.ഡി സതീശനോട് ഞാന്‍ പറഞ്ഞത്. വി.ഡി സതീശന്‍ പരിചയമില്ലാത്തയാളാണ്. വിനയപൂര്‍വമുള്ള ഉപദേശമാണ് ഞാന്‍ നല്‍കിയത്. എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ പ്രതിപക്ഷ നേതാവിന് അവകാശമില്ല. പ്രതിപക്ഷ നേതാവ് ആണോ എന്നെ നിയമിച്ചത്? അദ്ദേഹം വിശദീകരിച്ചു. മന്ത്രി ബാലന്റെ വിമര്‍ശനങ്ങളോടും ഗവര്‍ണര്‍ പ്രതികരിച്ചു. മന്ത്രി ഇക്കാര്യത്തല്‍ വിശദീകരിച്ചതാണെന്നും ഗവര്‍ണര്‍ക്കെതിരെ താന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞതാണ്. അത് വളച്ചൊടിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top