മാഞ്ചസ്റ്റര്‍: യു.എസിന് നേരെ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഓര്‍ലാന്‍ഡോയിലെ നിശാക്ലബില്‍ നടന്ന കൂട്ടക്കൊലയെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
എന്നാല്‍ അമേരിക്കന്‍ മുസ്ലീങ്ങള്‍ പൈശാചികരാണെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും ദേശീയ സുരക്ഷയില്‍ ശക്തമായ മാറ്റം കൊണ്ടുവരുമെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ആധുനിക യു.എസ് ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ നടന്നത്.
ഒര്‍ലാന്‍ഡോ ഭീകരന്‍ മരിച്ചിരിക്കാം. എന്നാല്‍ അയാളുടെ മനസില്‍ കുത്തിവച്ചിരിക്കുന്ന വിഷം ശക്തമായി തന്നെ അവിടെ നിലനില്‍ക്കുന്നുണ്ട്. അതിനെ നമ്മള്‍ ആക്രമിച്ചേ മതിയാകൂ ഹിലരി പറഞ്ഞു.
എന്നാല്‍ മാഞ്ചസ്റ്റര്‍ ന്യൂ ഹാംഷെയര്‍, എന്നിവിടങ്ങളില്‍ സംസാരിച്ച ട്രംപ് ഒര്‍ലാന്‍ഡോ ഭീകരന്റെ മാതാപിതാക്കള്‍ അഫ്ഗാനിസ്ഥാന്‍കാരാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടിയേറ്റം തടയുമെന്ന് അവകാശപ്പെട്ടത്.
ഈ അധികാരം ഉപയോഗിച്ച് ഞാന്‍ അമേരിക്കന്‍ ജനതയെ സംരക്ഷിക്കും. ഭീഷണികള്‍ എങ്ങനെ തടയാം എന്ന് പൂര്‍ണമായും ഗ്രഹിക്കുന്നതു വരെ യു.എസിനും യൂറോപ്പിനും നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കും എതിരെ ഭീകരാക്രമണ ചരിത്രമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയും. ട്രംപ് പറയുന്നു. ഒപ്പം സിറിയന്‍ സിവില്‍ യുദ്ധത്തില്‍ നിന്നും എത്തുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ഹിലരി പിന്തുണ നല്‍കുന്നത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഭീകരര്‍ സ്ത്രീകള്‍, സ്വവര്‍ഗാനുരാഗികള്‍, അമേരിക്കകാര്‍ എന്നിവര്‍ക്കെതിരാണ്. അതിനാല്‍ അവരെ ലക്ഷ്യം വയ്ക്കുന്ന ഭീകരാക്രമങ്ങളെ ഇസ്ലാമിക തീവ്രവാദിത്വം എന്നു പറയാന്‍ പ്രസിഡന്റ് ബരാക് ഒബാമ തയ്യാറാവാത്തതിനെയും ട്രംപ് ചോദ്യം ചെയ്തു. ഒബാമയും ഹിലരിയും രാജ്യത്തെ നയിക്കാന്‍ ശേഷിയില്ലാത്തവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം സ്വദേശത്തും വിദേശത്തും നടക്കുന്ന ഭീഷണികള്‍ തടയാന്‍ ഇന്റര്‍നെറ്റില്‍ നിന്നും ഐസിസ് പ്രചാരണം തടയണം. ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമായ പ്രദേശങ്ങളില്‍ വ്യോമാക്രമണവും സഖ്യ കക്ഷികളുമായുള്ള സഹകരണം ശക്തമാക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു. കൂടാതെ തോക്കുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.