ബെംഗളൂരു: സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തില്‍ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിങും അന്തരിച്ചു.
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരണത്തിന് കീഴടങ്ങി.
14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.
വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുൺ സിങ്. ഭരണത്തലവന്മാർ, സംയുക്ത സേനാ മേധാവി, സേനാ മേധാവികൾ തുടങ്ങിയവർ വെല്ലിങ്ടൺ സന്ദർശിക്കുമ്പോൾ കോളജ് സ്റ്റാഫിലെ ഉയർന്ന ഉദ്യോഗസ്ഥൻ അവരെ സുലൂർ വ്യോമതാവളത്തിൽ സ്വീകരിക്കുകയും കോളജിലേക്കുള്ള യാത്രയിൽ അനുഗമിക്കുകയും വേണമെന്നാണു ചട്ടം. ഇതിന്റെ ഭാഗമായാണു വെല്ലിങ്ടണിൽ നിന്ന് വരുൺ അപകടദിവസം സുലുരിലെത്തിയത്.
കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽനിന്ന് എൽസിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുൺ സിങ് വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായി തുടർന്നെങ്കിലും മരുന്നുകളോടു പ്രതികരിക്കുന്നത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. വരുൺ സിങ്ങിന് ചർമം (സ്കിൻ ഗ്രാഫ്റ്റ്) വച്ചുപിടിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനായി ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്കിൽ നിന്ന് നടപടി സ്വീകരിച്ചിരുന്നു.