ന്യൂഡല്‍ഹി: ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം.ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ ഗുജറാത്തിലെ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കുന്നത്.
കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേന വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയത്.
വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്‌ലൈപാസ്റ്റില്‍ പങ്കെടുത്തു. ബാന്റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്റെ ഭാഗമായി. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ വൈകുന്നേരം ദീപാലൃതമാക്കും. ദീപാലംകൃതമാക്കുന്നതിന്റെ റിഹേഴ്സല്‍ ഇന്നലെ മുംബൈയില്‍ നാവിക സേന നടത്തിയിരുന്നു.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്നത്. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേന പുഷ്പവൃഷ്ടി നടത്തിയത്. ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടന്നത്.
വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിക്ക് മുന്നിലും പുഷ്പവൃഷ്ടി നടന്നു. ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മധുരവിതരണം നടത്തി.