ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി ഭാവിയില്‍ 450 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന തയ്യാറെടുക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ. നിലവില്‍ കരാര്‍ ഉറപ്പിച്ച 36 റാഫേല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂട്ടിയാണ് ബദൗരിയ ഭാവി പദ്ധതികളെപ്പറ്റി പറഞ്ഞത്.
36 റാഫേല്‍ വിമാനങ്ങള്‍, 114 മള്‍ട്ടി റോള്‍ വിമാനങ്ങള്‍, 100 അഡ്വാന്‍സ്ഡ് മീഡിയം ഫൈറ്ററുകള്‍, 200 ലഘു യുദ്ധവിമാനങ്ങള്‍ എന്നിവയാണ് വ്യോമസേന വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 85 തദ്ദേശീയ തേജസ് എല്‍.സി.എ സേനയുടെ ഭാഗമാകുമെന്നും ഇതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ഇതിന് ശേഷം 100 എണ്ണം കൂടി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 35 വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം സേനയുടെ ഭാഗമാക്കുമെന്നും മിഗ്-21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് സേനയ്ക്ക് വേണ്ടതെന്നുമാണ് ബദൗരിയ പറയുന്നത്.
അതേസമയം, 114 മള്‍ട്ടിറോള്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപത്തിനുള്ള പരിധി വര്‍ധിപ്പിച്ചതിനാല്‍ അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.