ന്യൂഡല്‍ഹി ; ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് മിസൈല്‍ വീണ്ടും പരീക്ഷിച്ച് വ്യോമസേന. 300 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചത്. അത്യന്താധുനിക പോര്‍വിമാനമായ സുഖോയ്-30 എംകെഐ പോര്‍വിമാനത്തില്‍ നിന്നായിരുന്നു പരീക്ഷണം.
പരീക്ഷണം വിജയകരമാണെന്നും ,പാകിസ്ഥാനിലെ ബാലാകോട്ടില്‍ സൈന്യം നടത്തിയതു പോലുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഭാവിയില്‍ നടത്തേണ്ടി വന്നാല്‍ അതിന് ഉപയോഗിക്കാനാകുമോ എന്ന് തെളിയിക്കുന്നതിനാണ് ഈ പരീക്ഷണം നടത്തിയതെന്നും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിര്‍മാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ശബ്ദത്തിന്റെ 2.8 ഇരട്ടി വോഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിക്കുന്നത്. കരയില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈലിന് രണ്ടര ടണ്‍ ഭാരമുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പല്‍ വേധ ക്രൂയിസ് മിസൈല്‍ പതിപ്പും ബ്രഹ്മോസ് തന്നെയാണ് . സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്.
ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെയാണ്. ഡി ആര്‍ ഡി ഒ യും റഷ്യയുടെ എന്‍ പി ഒ എമ്മും സംയുക്തമായി നിര്‍മ്മിച്ചതാണ് ബ്രഹ്മോസ്.
റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് ഇന്ത്യന്‍ സേനയ്ക്ക് ഏറെ കരുത്ത് പകരും. ഇതിന്റെ പ്രഹരശേഷിയില്‍ ശത്രുക്കളുടെ താവളങ്ങള്‍ നിഷ്പ്രഭമാവാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടിവരിക.