ഭാര്യയുടെ അടുത്തെത്താന്‍ കാശില്ല; ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം തേടി ക്രിക്കറ്റ്താരം

വെല്ലിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കുടുംബത്തിനൊപ്പമെത്താനാകാതെ ട്വിറ്ററിലൂടെ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഇയാന്‍ ഒബ്രീന്‍. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്തുകയാണ് ലക്ഷ്യം. വെറുതെ പണം തരേണ്ട, പകരം ആരാധകര്‍ക്ക് തന്നെ വിളിക്കാം. ഇതാണ് ഒബ്രീന്റെ ആശയം.

വീഡിയോ കാള്‍, സ്‌കൈപ്പ് വഴി തന്നെ ബന്ധപ്പെടാമെന്നും അതിനു പകരം പണം തന്നാല്‍ മതിയെന്നുമാണ് താരം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.രാജ്യാന്തരതലത്തില്‍ കൊറോണ വ്യാപിച്ചതോടെ ന്യൂസീലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കനത്തസുരക്ഷാ മുന്‍കരുതലാണ് പ്രഖ്യാപിച്ചത്.

വിമാന സര്‍വീസുകള്‍ റദ്ദായതോടെ നാല്‍പ്പത്തിമൂന്നുകാരനായ ഒബ്രീന്‍ ന്യൂസീലന്‍ഡില്‍ കുടുങ്ങി. പക്ഷെ ഭാര്യയും രണ്ട് മക്കളും ബ്രിട്ടനിലാണ്. ഭാര്യക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. വൈറസ് ബാധയേറ്റാല്‍ രോഗം ഗുരുതരമാകും. അതിനുമുമ്പ് എനിക്ക് അവരുടെ അടുത്ത് മടങ്ങിയെത്തണം.

ബ്രിട്ടനിലേക്ക് തിരികെ മടങ്ങനായി മുമ്പ് മൂന്ന് തവണ ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷെ വൈറസ് വ്യാപനത്തെതുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദായി. കയ്യിലുള്ള കാശും തീര്‍ന്നു. ഇവരുടെ അടുത്തെത്താന്‍ മറ്റുവഴികളില്ലാതെ വന്നപ്പോഴാണ് ഇയാന്‍ ഒബ്രീന്‍ ക്രൗഡ് ഫണ്ടിങ് എന്ന ആശയം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Top