പണത്തിനു വേണ്ടി പ്രമുഖര്‍ക്കെതിരെ അപവാദങ്ങള്‍ സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പലരും പറയുന്നുണ്ടെന്ന് നടി ശ്രീറെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും ശ്രീറെഡ്ഡി പറഞ്ഞു.
‘തെലുങ്ക്, തമിഴ് സിനിമാ മേഖലകളില്‍ പ്രമുഖരുടെ ഇരകളാകുന്ന നടിമാര്‍ക്ക് നീതി ലഭിക്കുന്നില്ല. കരയാനല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനാകുന്നില്ല. എല്ലാവരും വേശ്യയെന്നാണ് എന്നെ വിളിക്കുന്നത്. ഞാന്‍ വേശ്യയല്ല, കഴിഞ്ഞ രണ്ട് ദിവസമായി എന്നെ അത് വളരെയധികം വേട്ടയാടുന്നുണ്ട്. ഞാന്‍ ഒരു ഇരയാണ്. ആത്മഹത്യ ചെയ്യാനാണ് എനിക്ക് തോന്നുന്നത്’ ശ്രീറെഡ്ഡി പറഞ്ഞു.
കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ടോളിവുഡിലും കോളിവുഡിലും വാഗ്ദാനങ്ങള്‍ നല്‍കി പലരും തന്നെ ശാരീരികമായി ഉപയോഗിച്ചു. അവിടെ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ല.
ഞാനൊരു പെണ്ണാണ്. എനിക്ക് രക്ഷിതാക്കളില്ല. എനിക്കെതിരെ എന്തിനാണിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ല. സംഘടനകളില്‍ നിന്ന് അംഗത്വം നല്‍കുന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ സിനിമയില്‍ അവസരങ്ങള്‍ വരുമ്പോള്‍ ഇവര്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ചാണ് ഭയം. എന്നെ അപമാനിക്കുകയാണ്. പക്ഷേ പോരാട്ടം തുടരം. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ പ്രയാസങ്ങളനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്. അനുഭവങ്ങളാണ് തനിക്ക് മുന്നോട്ട് പോകാന്‍ കരുത്തു നല്‍കുന്നതെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.