കൊല്ലം: മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കേസു കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആരോപണങ്ങള്‍ വി.എസ് തെളിയിക്കണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
സമത്വ മുന്നേറ്റ യാത്രയുടെ ഭാഗമായി കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
കാണുന്ന പച്ചയൊക്കെ കടിച്ചു നടക്കുന്ന ആളാണ് വി.എസ്. പോണ പോക്കില്‍ ഇപ്പോള്‍ ഈ പച്ചയില്‍ ഒരു കടി ഇരിക്കട്ടെ എന്ന് അദ്ദേഹം കരുതിക്കാണുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
സമത്വ മുന്നേറ്റ യാത്രയുടെ സമാപന ദിവസമായ നാളെ ശംഖുമുഖത്ത് പുതിയ എസ്.എന്‍.ഡി.പിയുടെ പാര്‍ട്ടി പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ ഘടനയും രൂപവും നാളെ രാവിലെ ചേരുന്ന സമിതി തീരുമാനിക്കും. സമിതി യോഗത്തിലേക്ക് ബി.ജെ.പി നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ല. മതേതര പാര്‍ട്ടിയായിരിക്കും എസ്.എന്‍.ഡി.പിയുടേതെന്നും വെള്ളാപ്പള്ളി പറഞ്ഞു.