ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാവേണ്ടത് കമിന്‍സെന്ന് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പേസ് ബൗളര്‍ പാറ്റ് കമിന്‍സിനെ പിന്തുണച്ച് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമ്പോള്‍ സ്മിത്തല്ല കമിന്‍സാണ് ഓസ്‌ട്രേലിയയുടെ നായകനാവേണ്ടതെന്നും ചാപ്പല്‍ പറഞ്ഞു.

തന്റെ പിന്‍ഗാമിയായി സ്മിത്ത് വരണമെന്ന ടിം പെയ്‌നിന്റെ അഭിപ്രായം തള്ളിയാണ് ചാപ്പലിന്റെ പ്രതികരണം. എന്റെ അഭിപ്രായത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ആളെ പരീക്ഷിക്കേണ്ട സമയമായി. വീണ്ടും സ്മിത്തിനെയാണ് നായകനാക്കുന്നതെങ്കില്‍ അത് പിന്‍തിരിഞ്ഞു നടക്കുന്നതിന് തുല്യമാണ്.

അതുകൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പാറ്റ് കമിന്‍സിനെയാണ് നായകനാക്കേണ്ടത്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് അറിവുണ്ടായിയിരുന്നു എന്ന് തെളിഞ്ഞാലും കമിന്‍സിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കരുതെന്നും ചാപ്പല്‍ പറഞ്ഞു.

കമിന്‍സിന് പകരം സ്മിത്തിലേക്കാണ് തിരിച്ചുപോകുന്നതെങ്കില്‍ ഓര്‍ക്കേണ്ടത്, 2018ലെ പന്ത് ചുരണ്ടല്‍ സംഭവം നടക്കാതെ തടയാന്‍ കഴിയുമായിരുന്ന ഒരാള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തായിരുന്നുവെന്ന കാര്യമാണ്.

പക്ഷെ അദ്ദേഹം അത് ചെയ്തില്ല. അതുകൊണ്ടുതന്നെ കമിന്‍സിന് പന്ത് ചുരണ്ടിയതിനെക്കുറിച്ചു അറിവുണ്ടായിരുന്നു എന്നത് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതില്‍ അദ്ദേഹത്തിനുള്ള അയോഗ്യത ആകരുതെന്നും ചാപ്പല്‍ പറഞ്ഞു.

 

Top