തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി ഐ.പി.എസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്നവരും അവര്‍ക്ക് ‘ആയുധം’ നല്‍കുന്ന പൊലീസുകാരും ഓര്‍ക്കുക. നിങ്ങള്‍ സ്വന്തം കുഴിയാണ് തോണ്ടുന്നതെന്ന്.
ആദ്യം പൊലീസ് സൊസൈറ്റികളിലും, അസോസിയേഷന്റെ ഓഫീസുകളിലും ജോലി ചെയ്യുന്ന പൊലീസുകാരെ തിരികെ ഡ്യൂട്ടിക്ക് അയച്ചിട്ടു വേണം വാചകമടിക്കാനും ‘പാര’ പണിയാനും ഇറങ്ങാന്‍. അസോസിയേഷന്‍ തലപ്പത്ത് ഉള്ളവര്‍ മര്യാദയ്ക്ക് ജോലി ചെയ്തിട്ട് വേണം മാതൃകയാകാന്‍.
ഗവാസ്‌ക്കര്‍ എന്ന പൊലീസുകാരന് നേരെ എ.ഡി.ജി.പിയുടെ മകള്‍ നടത്തിയ ‘ആക്രമണം’ ലഭിക്കുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റ് തന്നെയാണ്. സ്വന്തം മകളെ അച്ചടക്കത്തോടെ വളര്‍ത്താന്‍ ഒരു ഉന്നത ഐ.പി.എസ് ഓഫീസര്‍ എന്ന നിലയില്‍ എ.ഡി.ജി.പി സുദേഷ്‌കുമാറിന് ബാധ്യതയുണ്ട്.
എ.ഡി.ജി.പിയുടെ മകളെ ഫിസിക്കല്‍ ട്രെയിനിങ്ങിനായി കൊണ്ടുപോയപ്പോള്‍ അവിടെ വെച്ച് വനിതയായ ഫിസിക്കല്‍ ട്രെയിനറോട് സംസാരിച്ചു എന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്.
സാധാരണ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ഓഫീസിലും മറ്റും ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരോടും കീഴുദ്യോഗസ്ഥരോടും വ്യക്തമായ അകലം പാലിക്കാറുണ്ട്. അത് സിസ്റ്റത്തിന്റെ ഭാഗവുമാണ്.
സീനിയര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരോടും വളരെ വിനയത്തോടെ മാത്രമാണ് കീഴുദ്യോഗസ്ഥരും പൊലീസുകാരും പെരുമാറാറുള്ളത്. ഇത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ അധികാരമുള്ള രാഷ്ട്രപതിയുടെ മുതല്‍ മുഖ്യമന്ത്രിയുടെ വരെ ഭാര്യമാരോടും കുടുംബാംഗങ്ങളോടും ഇങ്ങനെ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറാറുള്ളത്.
പൊലീസ് ഡ്രൈവര്‍ തന്റെ ഫിസിക്കല്‍ ട്രെയിനറോട് സംസാരിച്ചതില്‍ എ.ഡി.ജി.പിയുടെ മകള്‍ ക്ഷുഭിത ആയതിനു പിന്നിലെ കാരണം ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
സാധാരണ ഗതിയില്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ കൂടെയുള്ള പൊലീസുകാര്‍ ഡ്രൈവര്‍ ആയാലും ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ ആയാലും ഒരു നിശ്ചിത അകലം പാലിച്ച് നില്‍ക്കാറാണ് പതിവ്.
ഈ സംഭവത്തിനു ശേഷം ഗവാസ്‌ക്കര്‍ പരാതി പറഞ്ഞതില്‍ എ.ഡി.ജി.പി പക വീട്ടിയിരുന്നുവെങ്കില്‍ അടുത്ത ദിവസം പ്രഭാത സവാരിക്ക് ഭാര്യയെയും മകളെയും കൊണ്ടുവിടാന്‍ നിര്‍ദ്ദേശിക്കില്ലായിരുന്നു. പകരം മറ്റ് ഏതെങ്കിലും ‘പണി’ കൊടുക്കുമായിരുന്നു. പൊലീസില്‍ അതിന് കാരണമുണ്ടാക്കാന്‍ പ്രയാസമില്ലല്ലോ ?
ഡ്രൈവര്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മകളെ എ.ഡി.ജി.പി ശാസിച്ചതാണ് അവരെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്.
ഇതു സംബന്ധമായ വാക്ക് തര്‍ക്കം പ്രഭാത സവാരിക്ക് കൊണ്ടുപോകാന്‍ പോയ വഴിക്ക് തന്നെ വലിയ വാക്ക് തര്‍ക്കത്തിലും ഡ്രൈവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിലും കലാശിക്കുകയായിരുന്നു.
എന്ത് പ്രകോപനം ഉണ്ടായിരുന്നാലും എ.ഡി.ജി.പിയുടെ ഭാര്യ കൂടി കയറിയ വാഹനം ഇനി ഓടിക്കില്ല എന്ന് പറഞ്ഞ് വഴിയില്‍ ഗവാസ്‌കര്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു. ഇതാണ് ആ പെണ്‍കുട്ടിയെ കൂടുതല്‍ പ്രകോപനത്തിലേക്ക് തള്ളിവിട്ടതും മൊബൈല്‍ കൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചതും. ഇതിനെതിരെ എന്ത് തന്നെ ആയാലും മുഖം നോക്കാതെ നടപടി അനിവാര്യം തന്നെയാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും തര്‍ക്കമില്ല.
ആനയെ പേടിച്ചാല്‍ പോരേ ‘ആനപിണ്ഡത്തെ’പേടിക്കണമോ എന്ന ചോദ്യം സ്വാഭാവികമായും ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നും. എന്നാല്‍ ഇതല്ല, ഇതിലപ്പുറവും ‘സഹിച്ച് ‘ മേലുദ്യോഗസ്ഥരെ സേവിക്കാന്‍ ക്യൂ നില്‍ക്കുകയാണ് പൊലീസുകാര്‍. അതാണ് ഈ സിസ്റ്റം.
ഇതെല്ലാം അറിയാവുന്ന മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ ഇപ്പോള്‍ ‘മുതലക്കണ്ണീര്‍’ ഒഴുക്കി വിമര്‍ശനവുമായി രംഗത്ത് വന്നതും ശുദ്ധ തട്ടിപ്പാണ്.
റിട്ടയര്‍ ചെയ്തിട്ടും സ്വന്തം വീട്ടില്‍ 4 പൊലീസുകാരെ കാവല്‍ നിര്‍ത്തിയാണ് ഐ.പി.എസുകാരുടെ ക്യാംപ് ഓഫീസിലെ പൊലീസ് സാന്നിധ്യത്തില്‍ അദ്ദേഹം വിളറി പിടിക്കുന്നത്.
ജില്ലാ പൊലീസ് മേധാവികള്‍, റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി പിമാര്‍, എന്നിവരുടെ വീടുകള്‍ എന്നു പറയുന്ന ക്യാംപ് ഓഫീസുകള്‍ യഥാര്‍ത്ഥത്തില്‍ ഓഫീസ് തന്നെയാണ്.
ക്രമസമാധാന ചുമതല 24/7 ആയി നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ദ്ധരാത്രി വരുന്ന മെസേജുകള്‍ പോലും ഗൗരവം മനസ്സിലാക്കി ശ്രദ്ധയില്‍പ്പെടുത്തുന്നതും ക്യാംപ് ഓഫീസിലെ പൊലീസുകാരാണ്.
ബറ്റാലിയന്‍ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പിമാരെ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെട്ടാണ് ക്യാംപുകളിലെ പൊലീസ് പടയെ ഇവര്‍ രംഗത്തിറക്കുന്നത്.
ഫീല്‍ഡ് ഡ്യൂട്ടിയും ഓഫീസ് ഡ്യൂട്ടിയും ഒരു പോലെ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് ഐ.പി.എസുകാര്‍. പൊലീസുകാര്‍ക്ക് റസ്റ്റുണ്ട്. എസ്.ഐമാര്‍ക്ക് പോലും പകരം എസ്.ഐമാര്‍ ചുമതലയില്‍ സ്റ്റേഷനുകളില്‍ തന്നെയുണ്ട്. എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി വരെ ഒറ്റ ഉദ്യാഗസ്ഥര്‍ ആയതിനാല്‍ ഇവര്‍ 24 മണിക്കൂറും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. തങ്ങളുടെ അധികാര പരിധിയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ പോലും മുന്‍കൂട്ടി മേലുദ്യോഗസ്ഥന്റെ അനുമതിയും വാങ്ങണം.
ഒന്നില്‍ കൂടുതല്‍ ഡ്രൈവര്‍മാരും പേഴ്സണൽ സെക്യൂരിറ്റി (പി.എസ്) മാരും ഉള്‍പ്പെടെ പൊലീസ് സാന്നിധ്യം എസ്.പിമാര്‍ക്കും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഇല്ലാത്ത അവസ്ഥ വന്നാല്‍ അത് പൊലീസ് സംവിധാനത്തെ തന്നെ താറുമാറാക്കും.
മാത്രമല്ല മാവോയിസ്റ്റുകളുടെയും തീവ്രവാദ സംഘടനകളുടെയും സാന്നിധ്യമുള്ള കേരളത്തില്‍ അഞ്ചു വര്‍ഷം കാലാവധിയുള്ള മന്ത്രിയേക്കാള്‍ 30 ഉം 35 ഉം വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കുന്ന ഐ.പി.എസുകാരുടെ ജീവനാണ് തീവ്രവാദ സംഘടനകള്‍ക്ക് വിലപ്പെട്ടത്.
നിലമ്പൂര്‍ വെടിവെയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി, തൃശൂര്‍ റേഞ്ച് ഐ.ജി, മലപ്പുറം എസ്.പി, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എന്നിവര്‍ക്ക് വധ ഭീഷണിയുണ്ടെന്ന് ഐ.ബി തന്നെ റിപ്പോര്‍ട്ട് ചെയ്തത് ഇതിന് ഒരു ഉദാഹരണമാണ്.
വീട്ടുജോലിക്ക് അനുവദിക്കപ്പെട്ട തുച്ഛമായ പണം കൊണ്ട് ക്യാംപ് ഓഫീസില്‍ എങ്ങനെ ജോലിക്കാരെ വെയ്ക്കുമെന്നും പൊലീസിലെ ക്യാംപ് ഫോളോവര്‍മാരെ മാറ്റി പകരം വരുന്നവര്‍ ‘കുരിശാകില്ലേ’ എന്ന ചോദ്യവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. ‘എപ്പോഴും അവൈലബളായ’ കുക്കിനെ എവിടെ നിന്ന് കിട്ടും എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. കാരണം എത് പാതിരാത്രിക്ക് പുറത്ത് പോകേണ്ടി വരുമെന്നോ എപ്പോള്‍ തിരിച്ച് വരുമെന്നോ മുന്‍കൂട്ടി പറയാന്‍ പറ്റാത്ത ജോലിയാണ് പൊലീസ് പണി. കുക്കിംങറിയാത്ത ഭാര്യമാര്‍ പോലും പലര്‍ക്കും ഉണ്ടത്രെ. ഇപ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെല്ലാം കാലാകാലങ്ങളായി സര്‍വീസിന്റെ ഭാഗമായി കിട്ടുന്നതായതിനാല്‍ ഈ രീതി പെട്ടന്ന് മാറ്റിയാല്‍ അത് ഐ.പി.എസുകാരെ സംബന്ധിച്ച് ശരിക്കും ‘പൊള്ളും’
കുക്കിനെയും ക്യാംപ് ഫോളോവർമാരെയും ക്രമസമാധാന ചുമതല പറഞ്ഞല്ല പൊലീസിൽ എടുക്കുന്നത്. സീനിയർ ഉദ്യോഗസ്ഥൻമാരുടെ ക്യാംപ് ഓഫീസുകളിൽ ജോലി ചെയ്യാൻ കൂടിയാണ്.
പട്ടിയെ കുളിപ്പിക്കുന്നതും സാധാരണ പൊലീസുകാരല്ല ചുമതലപ്പെട്ട ഡോഗ് സ്ക്വാഡാണ്. അവർ ഡിപ്പാർട്ട്മെന്റ് പട്ടികളെയാണ് നോക്കേണ്ടത് എന്ന കാര്യത്തിൽ മാത്രമാണ് വീഴ്ച വന്നത്.
എന്നാൽ ഇക്കാര്യങ്ങൾ എല്ലാം പൊതു സമൂഹത്തിന് തെറ്റ് ധാരണ ഉണ്ടാക്കുന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
സിവിൽ പൊലീസ് ഓഫീസറെ യജമാന പണിക്ക് നിയോഗിച്ചെന്നാണ് ഈ റിപ്പോർട്ടുകൾ കണ്ടാൽ തോന്നുക.
പി.എസുമാരെ ഡി.വൈ.എസ്.പിമാരും ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ ഇക്കാര്യം പരാമര്‍ശിക്കാതെ ഐ.പി.എസുകാരുടെ മേല്‍ മാത്രം കുതിര കയറുന്ന മാധ്യമങ്ങളുടെ നിലപാടും ഇരട്ടത്താപ്പാണ്.
മത്രമല്ല, റിട്ട. ജഡ്ജിമാര്‍, റിട്ട. ഉദ്യോഗസ്ഥര്‍, വിവിധ കമ്മീഷന്‍ അദ്ധ്യക്ഷന്‍മാര്‍ തുടങ്ങി നിരവധി പേര്‍ക്ക് ആവശ്യമില്ലാത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
വിചാരണ മാധ്യമങ്ങളുടേതാണെങ്കിലും എല്ലാ വശവും പരിശോധിക്കണമല്ലോ? അതല്ലേ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം?
Team express kerala