ജീവിതം മടുത്തെന്ന് ; ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ഗാസിയാബാദ്: ബിഹാറുകാരന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ഗാസിയാബാദിലെ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തി.

മുകേഷ് പാണ്ഡെ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സമര്‍ഥനായ കാര്യനിര്‍വാഹകനും മൃദുലമനസ്സിന് ഉടമയെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശേഷിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ.

‘പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജാനകപുരിയില്‍ ആത്മഹത്യ ചെയ്യുന്നു, കെട്ടിടത്തിന്റെ 10-ാം നിലയില്‍നിന്ന് താഴേക്കു ചാടും. എനിക്ക് ജീവിതം മടുത്തു. മനുഷ്യനിലുള്ള വിശ്വാസം തകര്‍ന്നിരിക്കുന്നു. ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ 742-ാം മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബാഗില്‍ ആത്മഹത്യക്കുറിപ്പു വച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പു ചോദിക്കുന്നു. എല്ലാവരോടും എനിക്ക് സ്‌നേഹമാണുള്ളത്. എന്നോടു ക്ഷമിക്കണം’ എന്നിങ്ങനെയാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ എച്ച്.എന്‍.സിങ് പറഞ്ഞു.

പ്രാഥമിക തെളിവുകള്‍ ആത്മഹത്യയിലേക്കാണു വിരല്‍ചൂണ്ടുന്നതെങ്കിലും എങ്ങനെ, എന്തിനാണ് മുകേഷ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മുകേഷിന്റെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളില്‍നിന്നാണ് മരിച്ചത് അദ്ദേഹമാണെന്ന് മനസിലാക്കിയത്. കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടുകയാണെന്ന് സുഹൃത്തിന് വാട്ട്‌സാപ്പ് സന്ദേശമയച്ചതിനുശേഷമാണ് മുകേഷ് ആത്മഹത്യ ചെയ്ത്.

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14-ാം റാങ്ക് നേടിയ അദ്ദേഹം ബുക്‌സറിലാണ് ജോലി ചെയ്തിരുന്നത്.

Top