തിരുവനന്തപുരം: ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മുന്‍ നിര്‍ത്തി ഐ.പി.എസുകാര്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുക്കുന്ന പൊലീസുകാര്‍ ഉന്നത ഐ.പി.എസുകാരന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെതിരെ ചില പൊലിസുകാര്‍ പുറത്ത് നല്‍കിയ വിവരങ്ങള്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കടുത്ത കോപത്തിന് തന്നെ ഇപ്പോള്‍ വഴിവെച്ചിരിക്കുകയാണ്.
2005 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ കാളിരാജ് മഹേഷ് കുമാറിന്റെ സുരക്ഷയും, മക്കളെ പൊലീസ് വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടുന്നതും മറ്റും ചൂണ്ടിക്കാട്ടി ദാസ്യപ്പണി ആരോപിച്ചാണ് പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചില പൊലീസുകാര്‍ വഴി സംഘടനാ നേതാക്കള്‍ ചോര്‍ത്തി നല്‍കിയ വിവരമാണ് ഇതെന്നാണ് അറിയുന്നത്.
ജമ്മു-കശ്മീര്‍ കേഡര്‍ ഐ.പി.എസുകാരനായ കാളിരാജ് മഹേഷ് കുമാര്‍ എ.എസ്.പി ആയിരുന്ന ഘട്ടത്തില്‍ തന്നെ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനാണ്.
ലഷ്‌കറെ തോയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളിലെ നിരവധി പേരെ നേരിട്ട് ഏറ്റുമുട്ടി കൊലപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ബുള്ളറ്റ് ഇഞ്ചുറിയുണ്ട് ഈ യുവ ഐ.പി.എസുകാരന്റെ ദേഹത്ത്. 2008ല്‍ ആയിരുന്നു ആദ്യമായി ശരീരത്തില്‍ വെടിയേറ്റത്.
ഭീകരരെ കൊന്ന് തള്ളിയ കാളിരാജ് മഹേഷ് കുമാറിന്റെ കുടുംബത്തിനും വലിയ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് ഈ ഐ.പി.എസുകാരന്റെ സുരക്ഷയെ കരുതി കേരളത്തിലേക്ക് കേന്ദ്രം ഇടപെട്ട് സ്ഥലം മാറ്റം നല്‍കിയത്.
പരുക്ക് സംബന്ധമായ ചികിത്സയെല്ലാം തമിഴ് നാട്ടിലായിരുന്നു. വന്‍ സുരക്ഷയാണ് തമിഴകത്ത് ഈ കാലയളവില്‍ കാളിരാജ് മഹേഷ് കുമാറിന് തമിഴക പൊലീസ് ഒരുക്കിയിരുന്നത്. നിരവധി പൊലീസ് മെഡലുകള്‍ ഈ കാലയളവില്‍ കാളിരാജ് സ്വന്തമാക്കിയിരുന്നു.
പിന്നീട് കേരളത്തിലെത്തിയ ഈ ഐ.പി.എസുകാരന്‍ ഒരു പോസ്റ്റിനും വേണ്ടി ആരുടെയും കാല് പിടിച്ചിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റ് താല്‍പ്പര്യമെടുത്താണ് കോഴിക്കോട് കമ്മീഷണറായി നിയമനം നല്‍കിയിരുന്നത്.
നിയമ ലംഘകര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുക മാത്രമല്ല സേനക്കകത്തെ തെറ്റായ പ്രവണതകളെ വകവെച്ച് കൊടുക്കുകയും ചെയ്യാതിരുന്നതിനാല്‍ ഇപ്പോള്‍ കിട്ടിയ അവസരം ചില പൊലീസുകാര്‍ ഇദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുകയായിരുന്നു.
കശ്മീര്‍ തീവ്രവാദികളുമായി ബന്ധമുള്ള ഐ.എസ് ഉള്‍പ്പെടെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തിലും സാന്നിധ്യമുണ്ടെന്നിരിക്കെ കാളിരാജ് മഹേഷ് കുമാറിന്റെയും കുടുംബത്തിന്റെയും സുരക്ഷ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഗൗരവത്തോടെയാണ് ഐ.പി.എസ് ഉന്നതര്‍ കാണുന്നത്.
അച്ചടക്കമുള്ള സേനയായ പൊലീസ് സംവിധാനത്തില്‍ ഇപ്പോള്‍ നടക്കുന്ന അച്ചടക്കമില്ലായ്മയെ പ്രോത്സാഹിപ്പിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഒറ്റപ്പെട്ട സംഭവങ്ങളില്‍ നടപടി സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അതിന്റെ മറവില്‍ ഒരു ജോലിയും ചെയ്യാതെ സംഘടനാ നേതാവായി വിലസുന്ന പൊലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പാര പണിയാന്‍ ഇറങ്ങിയാല്‍ വകവെച്ച് കൊടുക്കുന്ന പ്രശ്‌നമില്ലെന്നുമാണ് ഐ.പി.എസ് അസോസിയേഷന്റെയും നിലപാട്.
റിപ്പോര്‍ട്ട്: എം വിനോദ്